ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ വന്‍ സ്ഫോടനം; സൈനികര്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു; 32 പേര്‍ക്ക് പരിക്ക്; പൊട്ടിത്തെറി സൈനിക ആസ്ഥാനത്തിന് സമീപം; ചാവേര്‍ ആക്രമണമെന്ന് പാക്ക് സൈന്യം; അന്വേഷണം തുടങ്ങി
ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ വന്‍ സ്ഫോടനം
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ തിരക്കേറിയ ഒരു തെരുവിലുണ്ടായ സ്ഫോടനത്തില്‍ സൈനികര്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റ് അഞ്ച് പേര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ചാവേര്‍ ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ബലൂച് വിമതരെന്നാണ് റിപ്പോര്‍ട്ട്.
ക്വറ്റയിലെ സര്‍ഗൂന്‍ റോഡിലുള്ള പാകിസ്ഥാന്‍ അര്‍ധസൈനിക വിഭാഗമായ എഫ്‌സി (ഫ്രോണ്ടിയര്‍ കോര്‍പ്സ്) ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തിന് ശേഷം പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇത് ആളുകളില്‍ പരിഭ്രാന്തിയും ഭയവും പരത്തി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ റോഡില്‍ ശക്തമായ സ്ഫോടനം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം മോഡല്‍ ടൗണില്‍ നിന്ന് എഫ്സി ആസ്ഥാനത്തിന് സമീപമുള്ള ഹാലി റോഡിലേക്ക് തിരിയുമ്പോഴാണ് സ്ഫോടനം നടന്നതെന്ന് ക്വറ്റയിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മുഹമ്മദ് ബലോച്ചിനെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.