ജാമ്യത്തില്‍ ഇറങ്ങിയ ശ്രീതു തുമ്പയിലെ ചില ആളുകളുമായി ഫോണില്‍ സംസാരിച്ചിരുന്നു; ലഹരി മാഫിയയുമായും ബാലരാമപുരത്തെ വില്ലത്തി അടുത്തു; മോഷണ കേസ് പ്രതികള്‍ക്കൊപ്പം കൊഴിഞ്ഞാമ്പാറയില്‍ എത്തിയത് ഭാവി സുരക്ഷിതമാക്കാന്‍; കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; ബാലരാമപുരത്ത് ഇനി ചുരുള്‍ അഴിയും; കുട്ടിയുടെ അച്ഛനെ കുറിച്ചും പലവിധ സംശയങ്ങള്‍

Update: 2025-09-30 03:19 GMT

തിരുവനന്തപുരം: വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ 8 മാസത്തിനു ശേഷം അറസ്റ്റിലായ അമ്മ ബാലരാമപുരം മിഡാനൂര്‍ക്കോണം നെല്ലിവിള സ്വദേശി ശ്രീതുവിന്റെ ബന്ധങ്ങള്‍ കണ്ടെത്താന്‍ പോലീസ്. ജാമ്യത്തില്‍ ഇറങ്ങിയ ശ്രീതു തുമ്പയിലെ ചില ആളുകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ശ്രീതുവിനെ തുമ്പയില്‍ എംഡിഎംഎ കേസില്‍ പെട്ട യുവതിയുമായി ബന്ധമുണ്ട്. ഈ യുവതിയാണ് ശ്രീതുവിനെ ജാമ്യത്തില്‍ പുറത്തെത്തിച്ചത്. അതിന് ശേഷം ശ്രീതു മോഷണ കേസ് പ്രതികളേയും പുറത്തിറക്കി. പിന്നീട് ഒളിവിലും പോയി.

19 ദിവസം മുന്‍പാണ് ശ്രീതു ജാമ്യത്തില്‍ ഇറക്കിയത്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിന് അറസ്റ്റിലായി നെയ്യാറ്റിന്‍കര ജയിലില്‍ കഴിഞ്ഞപ്പോഴാണ് ശ്രീതു തുമ്പയിലെ എംഡിഎംഎക്കാരേയും പരിചയപ്പെട്ടത്. ജാമ്യത്തിലിറക്കാന്‍ കുടുംബാംഗങ്ങള്‍ ആരും എത്താതിരുന്ന ശ്രീതുവിനെ ഇവരാണു പുറത്തെത്തിച്ചത്. അതിന് ശേഷം മോഷണ കേസ് പ്രതികളെ ജാമ്യത്തില്‍ ഇറക്കി. പിന്നാലെ ഇവര്‍ വഴി ഈ മാസം 8ന് ശ്രീതു പാലക്കാട് കൊഴിഞ്ഞാമ്പാറയിലെത്തി. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ റജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പ്രതികളായ ദമ്പതികളുടെ വിവരം ശേഖരിച്ച അന്വേഷണ സംഘം, മേല്‍വിലാസവും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും പിന്തുടര്‍ന്ന് നാല് ദിവസം മുന്‍പ് പാലക്കാടെത്തി. കൊഴിഞ്ഞാമ്പാറയില്‍ ഇവരുടെ താമസസ്ഥലം കണ്ടെത്തിയതോടെ ബാലരാമപുരം എസ്എച്ച്ഒ പി.എസ്.ധര്‍മജിത് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ശ്രീതു. കഴിഞ്ഞ ജനുവരി 30നു പുലര്‍ച്ചെയാണു ശ്രീതുവിന്റെ മകളെ, വാടകയ്ക്കു താമസിക്കുന്ന കോട്ടുകാല്‍ക്കോണം വാറുവിള വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ (24) ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. താനാണു കുട്ടിയെ കിണറ്റിലിട്ടതെന്നു പൊലീസിനോട് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ ശ്രീതുവുമായി നടത്തിയ അശ്ലീല വാട്സാപ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം അവരിലേക്കും നീണ്ടത്. ഇയാളുടെ നുണപരിശോധനയിലും ശാസ്ത്രീയ തെളിവുകളിലും നിന്ന് കുറ്റകൃത്യത്തില്‍ ശ്രീതുവിന്റെ പങ്ക് വ്യക്തമായി. രണ്ടുപേരെയും നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ പൊലീസ് കോടതിയില്‍ മുന്‍പ് അപേക്ഷ നല്‍കിയെങ്കിലും ശ്രീതു വിസമ്മതിച്ചിരുന്നു. ശ്രീതുവിന്റെ ജീവിതരീതികളോട് യോജിക്കാന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവ് പാറശാലയിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്.

ശ്രീതുവിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് വീട്ടിലെത്തിയ ദിവസമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. ഭര്‍ത്താവിനെ കേസില്‍ കുടുക്കാനായിരുന്നു ഈ തന്ത്രം. അതിനിടെ ശ്രീതുവിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ബാലരാമപുരം പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശ്രീതുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി ശ്രീതുവിനെ മൂന്നു ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 30നാണ് കോട്ടുകാല്‍ക്കോണം വാറുവിളാകത്ത് വാടകവീട്ടിലെ കിണറ്റില്‍ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ശ്രീതു കഴിഞ്ഞയാഴ്ച ജാമ്യത്തില്‍ ഇറങ്ങിയശേഷം പാലക്കാട്ടേക്ക് കടക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മാവനും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാറാണ് (25) ഒന്നാം പ്രതി. ശ്രീതുവിനെ രണ്ടാം പ്രതിയാണ്. ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ നേരത്തേ കുറ്റം സമ്മതിച്ചിരുന്നു. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും മൊഴികളിലെ വൈരുദ്ധ്യം പൊലീസില്‍ സംശയമുണ്ടാക്കി. കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

വാട്സാപ് ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ ശ്രീതുവും ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് കുഞ്ഞ് തടസ്സമായതാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇരുവരുടെയും ചാറ്റുകളും പൊലീസ് വീണ്ടെടുത്തു. ഹരികുമാറിനെയും ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിയുടെ അനുമതി തേടിയിരുന്നെങ്കിലും ശ്രീതു വിസമതിച്ചതിനാല്‍ നടത്താനായില്ല. ശ്രീതു കുറേക്കാലമായി ഭര്‍ത്താവ് ശ്രീജിത്തുമായി പിണങ്ങി സഹോദരനും അമ്മയ്ക്കുമൊപ്പമാണ് മകളൊടൊപ്പം വാടക വീട്ടില്‍ താമസിച്ചിരുന്നത്. അതേസമയം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാഫലം ശ്രീതുവിന്റെ ഭര്‍ത്താവുമായി പൊരുത്തപ്പെടുന്നില്ല.

ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിന്റെ ഡിഎന്‍എയുമായി പരിശോധിച്ചെങ്കിലും അതും യോജിക്കുന്നില്ലെന്ന് കണ്ടെത്തി. മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയും കൊലപാതകത്തിന് കാരണമായേക്കാമെന്നും പൊലീസ് സംശയിക്കുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഒരു ഓട്ടോ ഡ്രൈവറേയും പോലീസുകാരനേയും സംശയമുണ്ട് പോലീസിന്.

Tags:    

Similar News