ട്രെയിന്‍ യാത്രയ്ക്കിടെ ശുചിമുറിയില്‍ പോകാനെന്ന് പറഞ്ഞ് കൈക്കുഞ്ഞിനെ സഹയാത്രികനെ ഏല്‍പ്പിച്ച് യുവതി മുങ്ങി; കുട്ടിയെ റെയില്‍വേ പോലിസിനു കൈമാറി സഹയാത്രികനായ യുവാവ്: കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങിയ യുവതിക്കായി അന്വേഷണം

ശുചിമുറിയില്‍ പോകണം; കൈക്കുഞ്ഞിനെ സഹയാത്രികനെ ഏല്‍പ്പിച്ച് യുവതി മുങ്ങി

Update: 2026-03-10 00:21 GMT

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ കൈക്കുഞ്ഞിനെ സഹയാത്രികനെ ഏല്‍പ്പിച്ച് യുവതി മുങ്ങി. പരിഭ്രാന്തനായ യുവാവ് വഴിയില്‍ ഇറങ്ങി കുട്ടിയെ റെയില്‍വേ പൊലീസിന് കൈമാറി. തിങ്കളാഴ്ച കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത. ശുചിമുറിയില്‍ പോകണമെന്നും അല്‍പ്പ നേരം കുഞ്ഞിനെ നോക്കണമെന്നും് ആവശ്യപ്പെട്ട യുവതി കുട്ടിയെ യുവാവിന് സമീപം ഇരുത്തി. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതായതോടെയാണ് യുവതി മുങ്ങിയതാണെന്ന് യുവാവിന് മനസിലായത്. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം തുടങ്ങി.

കുട്ടിയെ സിഡബ്ല്യുസി ഒബ്‌സര്‍വേഷന്‍ സെന്ററിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 10:10 ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണു സംഭവം. രാവിലെ മൂന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-കോഴിക്കോട്-പാലക്കാട് പാസഞ്ചര്‍ ട്രെയിനിലാണ് ഒരു വയസ്സുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്. ട്രെയിനില്‍ കൈക്കുഞ്ഞുമായി കയറിയ യുവതി സമീപത്തിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ചു. ശേഷം കുട്ടിയെ സമീപത്തിരുന്ന യുവാവിന്റെ സീറ്റില്‍ ഇരുത്തി. അല്‍പ്പം കഴിഞ്ഞു കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച് യുവതി ശുചിമുറിയിലേക്ക് പോയി. ഇതേ സമയം ട്രെയിന്‍ പാലക്കാട്ടേക്ക് പറപ്പെട്ടു. കല്ലായി കഴിഞ്ഞിട്ടും യുവതി വരാതായതോടെ യുവാവ് പരിഭ്രാനന്തനായി.

കുഞ്ഞിനെയുമെടുത്ത് യുവതിയെ തിരഞ്ഞെങ്കിലും അവരെ കണ്ടില്ല. ഇതിനിടയില്‍ കുട്ടി കരഞ്ഞു. ഒടുവില്‍ ട്രെയിന്‍ ഫറോക്ക് എത്തിയപ്പോള്‍ യുവാവ് കുട്ടിയുമായി ഇറങ്ങി റെയില്‍വേ പൊലീസിന് കൈമാറി. പൊലീസ് പിന്നീട് ഫറോക്ക് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. ശേഷം പൊലീസ് കുട്ടിയെ വെള്ളിമാട്കുന്ന് സിഡബ്ല്യുസിയില്‍ എത്തിച്ചു. ബന്ധുക്കള്‍ വരുന്നതു വരെ കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ മാറ്റി. കുട്ടിയെ നല്‍കി യുവതി മുങ്ങിയ സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തു. റെയില്‍വെ എസ്‌ഐ സി.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 25 വയസ്സു തോന്നിക്കുന്ന യുവതിയാണു കുഞ്ഞിനെയുമായി ട്രെയിനില്‍ കയറിയതെന്നു പൊലീസിന് വ്യക്തമായി. സിസിടിവി പരിശോധിച്ച് യുവതിയെ ഉടനെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News