വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷം പീഡിപ്പിച്ചു; രണ്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; നഗ്ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും പത്ത് പവനും തട്ടിയെടുത്തു: കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷം പീഡിപ്പിച്ചു

Update: 2026-03-10 02:49 GMT

കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഇവന്റ് മാനേജ്‌മെന്റ് സംരംഭകനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും വിവാഹമോചിതയുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയെ രണ്ട് വര്‍ഷം പീഡനത്തിനിരയാക്കിയ പാലാരിവട്ടം സ്വദേശി അയൂബിയാണ് അറസ്റ്റിലായത്.

വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു ആയൂബി യുവതിയെ പീഡിപ്പിച്ചത്. 2022 ലാണ് ആയൂബി പരാതിക്കാരിയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. പിന്നീട് അയൂബി, വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2024 മുതല്‍ 2026 ജനുവരി വരെയുള്ള കാലയളവില്‍ പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തുള്ള യുവതിയെ കൊച്ചിയിലെത്തിച്ചായിരുന്നു പീഡനം. കൊച്ചിയിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളില്‍ വച്ചായിരുന്നു പീഡനമെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

പീഡനത്തെ തുടര്‍ന്ന് രണ്ട് തവണ യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ കുഞ്ഞ് വേണ്ടെന്ന് പറഞ്ഞ് ഈ രണ്ട് തവണയും യുവതിയെ പ്രതി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിക്കുകയും പിന്നീട് യുവതിയെ ഒഴിവാക്കുകയും ആയിരുന്നു. ഇത് മനസിലാക്കിയ യുവതി ചോദ്യം ചെയ്‌തെങ്കിലും ഭീഷണിയായി. യുവതിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രതി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി ഭയന്നു പോയി.

ഈ വീഡിയോകള്‍ കാണിച്ച് ഭയപ്പെടുത്തി 15 ലക്ഷം രൂപയും 10 പവന്‍ സ്വര്‍ണവും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. പരാതിയില്‍ അന്വേഷണമാരംഭിച്ച സെന്‍ട്രല്‍ പൊലീസ് പ്രമുഖ നടിയുടെ ഭര്‍ത്താവിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് അയൂബിയെ പിടികൂടിയത്. കൊച്ചിയില്‍ പ്രൈം ടൈം ഇവന്റ്‌സ് എന്ന സ്ഥാപനം നടത്തുകയാണ് അയൂബി. തട്ടിയെടുത്ത പണവും സ്വര്‍ണ്ണവും തിരികെ ചോദിച്ചപ്പോള്‍ യുവതിയെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള മാനസികാഘാതം കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News