യാത്രയ്ക്കിടെ വാഹനം ഇടിപ്പിച്ചു; തട്ടിക്കൊണ്ടുപോയി ബംഗളൂരു വ്യവസായിയെ കൊലപ്പെടുത്തി; മൃതദേഹം തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ചു; മുന്‍ ബിസിനസ് പങ്കാളിക്കായി തിരച്ചില്‍
ബംഗളൂരു: ബംഗളൂരുവിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മുന്‍ ബിസിനസ് പങ്കാളിക്കും സംഘത്തിനുമായി തിരച്ചില്‍ തുടരുന്നു. അനേക്കലില്‍ വസ്തു ഇടപാട് നടത്തുന്ന ഗോപാലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ ഡെങ്കണിക്കോട്ടയ്ക്ക് സമീപം റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഗോപാലിന്റെ മുന്‍ ബിസിനസ് പങ്കാളിയായ മോഹന്‍ ബാബുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഞായറാഴ്ച വൈകുന്നേരം 6:30-ഓടെയാണ് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയായ കര്‍പ്പൂരിന് സമീപം സംഭവം നടന്നത്. സുഹൃത്തായ സതീഷിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ഗോപാല്‍. വഴിമധ്യേ മറ്റൊരു കാറിലെത്തിയ സംഘം ഗോപാലിന്റെ വാഹനത്തില്‍ ഇടിച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ സതീഷിന്റെ കണ്ണിലേക്ക് രാസലായനി സ്‌പ്രേ ചെയ്തു. പ്രാണരക്ഷാര്‍ത്ഥം സതീഷ് ഓടിമാറിയതോടെ, ഗോപാലിനെ ബലമായി തങ്ങളുടെ വാഹനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സതീഷ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴോളം പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് ഗോപാലിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. പ്രതികള്‍ തമിഴ്നാട് ഭാഗത്തേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആ ഭാഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഡെങ്കണിക്കോട്ട പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഗോപാലാണെന്ന് സ്ഥിരീകരിച്ചത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
കൊലപാതകത്തിന് പിന്നില്‍ ഗോപാലിന്റെ മുന്‍ ബിസിനസ് പങ്കാളി മോഹന്‍ ബാബുവാണെന്ന് പൊലീസ് സംശയിക്കുന്നു. മുമ്പ് ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞിരുന്നു. ഗോപാല്‍ സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കുകയും അതില്‍ വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തതില്‍ മോഹന്‍ ബാബുവിന് കടുത്ത വിരോധമുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ കൊണ്ടുപോയി ഗോപാലിനെ മര്‍ദിച്ചിരുന്നതായി ഗോപാലിന്റെ ഭാര്യ സ്വാതി ആരോപിച്ചു. തങ്ങളുടെ ബന്ധു കൂടിയായ മോഹന്‍ ബാബുവിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് കുടുംബവും ആരോപിക്കുന്നത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
