അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കി; ഒരു കോടി രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി; ലോറന്‍സ് ബിഷ്ണോയി ഉള്‍പ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കി കോടതി; തെളിവുകള്‍ ഹാജറാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി
അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കി; ഒരു കോടി രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി; ലോറന്‍സ് ബിഷ്ണോയി ഉള്‍പ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കി കോടതി; തെളിവുകള്‍ ഹാജറാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി
ന്യൂഡല്‍ഹി: കൊടും കുറ്റവാളിയെന്ന് പോലീസ് മുദ്രകുത്തിയ ലോറന്‍സ് ബിഷ്‌ണോയിക്കും സംഘത്തിനും ഡല്‍ഹി കോടതിയില്‍ നിന്ന് ആശ്വാസം. ഒരു കോടി രൂപ ആവശ്യപ്പെട്ട് വധഭീഷണി മുഴക്കിയെന്ന കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ വന്നതോടെ ബിഷ്‌ണോയി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പോലീസിന്റെ അനാസ്ഥയെയും കൃത്യമായ തെളിവുകളില്ലാതെ കുറ്റപത്രം തയ്യാറാക്കിയ രീതിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ലോറന്‍സ് ബിഷ്‌ണോയിയെ കൂടാതെ ഹാരെന്‍ സരപ്ദഡിയ, ആശിഷ് ശര്‍മ്മ എന്നിവരെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നൂപുര്‍ ഗുപ്ത വെറുതെ വിട്ടത്. വെറും വാമൊഴി മൊഴികള്‍ മാത്രം വെച്ച് ഒരാളെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടാണ് കോടതി സ്വീകരിച്ചത്. ഡല്‍ഹി കോടതിയുടേതാണ് നടപടി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നൂപുര്‍ ഗുപ്തയാണ് വിധി പറഞ്ഞത്.
രമണ്‍ ദീപ് സിങ് എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് സണ്‍ലൈറ്റ് കോളനി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023 ഏപ്രില്‍ 23-24 തീയതികളില്‍ അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കുകയും ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നായിരുന്നു പരാതി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൃത്യമായ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 386 പ്രകാരമുള്ള കുറ്റം നിലനില്‍ക്കണമെങ്കില്‍, ഭീഷണിപ്പെടുത്തി പണം കൈമാറ്റം ചെയ്യപ്പെടണം. എന്നാല്‍ ഈ കേസില്‍ പണം കൈമാറിയതായി പരാതിക്കാരനോ പൊലീസോ പറയുന്നില്ല. സെക്ഷന്‍ 387 പ്രകാരം, വധഭീഷണിയോ കടുത്ത പരിക്കേല്‍പ്പിക്കുമെന്ന ഭീഷണിയോ ഉള്ളതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല. വെറും പണം ആവശ്യപ്പെടല്‍ മാത്രമാണ് പരാതിയിലുള്ളത്. ഫോണ്‍ കോളുകളുടെ രേഖകളോ മറ്റ് ഭൗതിക തെളിവുകളോ ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പ്രതികളുടെ വെളിപ്പെടുത്തലുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയതെന്നും കോടതി അറിയിച്ചു.
കുറ്റപത്രത്തില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ യാതൊരു തെളിവുകളും രേഖകളിലില്ല എന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് പ്രതികളോട് 20,000 രൂപയുടെ ബോണ്ടുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും, മാര്‍ച്ച് 6ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇവരെ മൂവരെയും കുറ്റവിമുക്തരാക്കി പുറത്തിറക്കുകയും ചെയ്തു. ഒരു ക്രിമിനല്‍ കേസില്‍, പ്രതികള്‍ നല്‍കുന്ന 'വെളിപ്പെടുത്തല്‍ പ്രസ്താവനകള്‍' മാത്രം വെച്ച് ഒരാളെ ശിക്ഷിക്കാനോ കുറ്റം ചുമത്താനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
