റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു; ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ സ്ത്രീയാണ് സ്ഥലംവില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഹയറുമ്മയുമായി ബന്ധപ്പെടുത്തിയത്; ഹയറുമ്മയെ കാണാതായതും പണം അടക്കം; സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലര്‍; ചേര്‍ത്തലയിലെ 'അമ്മാവന്‍' കൂടുതല്‍ കുറ്റസമ്മതം നടത്തിയോ?

Update: 2025-09-30 04:05 GMT

ആലപ്പുഴ: ഐഷയെ കൊന്നതും സിഎം സെബാസ്റ്റ്യന്‍ തന്നെ. പള്ളിപ്പുറത്തെ ഈ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ സൈക്കോ കില്ലറാണെന്ന സംശയമാണ് ശക്തമാക്കുന്നത്. ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മ, ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭ എന്നിവരെ കൊലപ്പെടുത്തിയെന്ന കേസുകളില്‍ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യനെതിരെ കൂടുതല്‍ കേസുകള്‍ വരും., വാരനാട് സ്വദേശിയായ റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷയെ (57) 13 വര്‍ഷം മുന്‍പു കാണാതായ കേസിലും സെബാസ്റ്റിയനാണ് പ്രതിസ്ഥാനത്ത്. ഈ കേസിലും അറസ്റ്റുണ്ടായേക്കും. ഐഷയുടെ തിരോധാനം അന്വേഷിക്കുന്ന ചേര്‍ത്തല പൊലീസ്, കേസില്‍ സെബാസ്റ്റ്യനെ പ്രതിചേര്‍ക്കാനാവശ്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തി ചേര്‍ത്തല മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിനുശേഷം കോടതിയുടെ അനുമതിയോടെ ജയിലിലെത്തി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം.

പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരിയായിരുന്ന ഐഷയെ 2012 മേയിലാണു കാണാതായത്. കാണാതായതിന് അടുത്ത ദിവസങ്ങളില്‍ തന്നെ ഐഷ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഐഷ തിരോധാനക്കേസില്‍ കൊലപാതകത്തിനുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കും. ഈ കൊലക്കേസിലും സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെന്ന് സൂചനയുണ്ട്. കൊല്ലപ്പെട്ട കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ പേരില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ബിന്ദു ജീവിച്ചിരുന്നപ്പോള്‍ നടത്തിയ വസ്തു വില്‍പനകള്‍ക്കൊപ്പം മരണശേഷം ബിന്ദുവിന്റെ പേരില്‍ പ്രതി സി.എം.സെബാസ്റ്റ്യന്‍ നടത്തിയ ഭൂമിയിടപാടുകളും പരിശോധിക്കും. ബിന്ദുവിന്റെ അമ്പലപ്പുഴയിലെ ഭൂമി വില്‍പനയുടെ അഡ്വാന്‍സ് തുകയായ 1.5 ലക്ഷം രൂപ തട്ടിയെടുക്കാനാണു ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നു സെബാസ്റ്റ്യന്‍ വെളിപ്പെടുത്തിയിരുന്നു. സെബാസ്റ്റിയനെ ചേര്‍ത്തലക്കാര്‍ അമ്മാവന്‍ എന്നാണ് വിളിക്കുന്നത്. സ്ഥലം വില്‍പ്പനയിലെ ഇടനിലക്കാരന്‍ ആയതു കൊണ്ടാണ് ഇത്.

ബിന്ദുവിന്റെ അമ്മയുടെ പേരില്‍ കടക്കരപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2003ല്‍ വ്യാജരേഖകള്‍ ചമച്ചാണു കൈമാറ്റം ചെയ്തതെന്നു കണ്ടെത്തിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ദാക്കി. ബിന്ദുവിന്റെ മരണശേഷമാണ് ഇവരുടെ എറണാകുളം ഇടപ്പള്ളിയിലെ ഭൂമി വില്‍പന നടത്താനുള്ള അവകാശം സെബാസ്റ്റ്യനു നല്‍കിക്കൊണ്ടുള്ള മുക്ത്യാര്‍ റജിസ്റ്റര്‍ െചയ്യുന്നത്. ഇതു വ്യാജമാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സെബാസ്റ്റ്യന്റെ സാമ്പത്തിക സ്രോതസ്സും ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. മുന്‍പ്, പോലീസ് കസ്റ്റഡിയിലായപ്പോഴും സെബാസ്റ്റ്യന് പുറത്തുനിന്ന് വലിയ സാമ്പത്തികസഹായം ലഭിച്ചതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. വസ്തു ഇടപാടുകളിലൂടെയും തട്ടിപ്പുകളിലൂടെയും സമാഹരിച്ച സമ്പത്ത് വിശ്വസ്തരായ പലരും വഴിയാണ് സെബാസ്റ്റ്യന്‍ ചെലവിടുന്നതെന്നു പറയുന്നു.

കാണാതായ ബിന്ദു പദ്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013-ല്‍ വ്യാജ ആധാരം തയ്യാറാക്കി 1.36 കോടി രൂപയ്ക്കാണ് ഇയാള്‍ വിറ്റത്. ചേര്‍ത്തലയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ 2003-ല്‍ വിറ്റതിലും ഇയാള്‍ ഇടനിലക്കാരനായായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍. ഈ തുകകള്‍ വിശ്വസ്തരുടെ കൈകളിലെത്തിച്ചാണ് സെബാസ്റ്റ്യന്‍ ചെലവാക്കിയിരുന്നതെന്നു പറയുന്നു. വലിയതോതിലുള്ള ബിനാമി ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സെബാസ്റ്റ്യനു ബന്ധമുള്ള ചില ഉന്നതരടക്കം പോലീസ് നിരീക്ഷണത്തിലാണ്.

റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ(ഐഷ-62)യെ 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു നടന്നിട്ടുണ്ട്. ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ സ്ത്രീയാണ് സ്ഥലംവില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഹയറുമ്മയുമായി ബന്ധപ്പെടുത്തിയത്. സ്ഥലം വാങ്ങാന്‍ വെച്ചിരുന്ന പണമടക്കമാണ് ഹയറുമ്മയെ കാണാതായത്. സെബാസ്റ്റ്യന്റെ വിശ്വസ്തയും ആത്മസുഹൃത്തുമായ അയല്‍വാസി സ്ത്രീയുടെ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും സംശയകരമാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News