സൈന്യത്തിന്റെ ജി.എസ്.ടി നമ്പറും വ്യാജ ഓഫീസറും; കോട്ടയത്ത് തേയില വ്യാപാരിയെ കുടുക്കാൻ വൻ തട്ടിപ്പ് നീക്കം; ലിങ്ക് അയച്ചതോടെ ഉടക്കി, വ്യാപാരിയുടെ ബുദ്ധിയിൽ കളി പൊളിഞ്ഞു; ഒടുവിൽ പത്തിമടക്കി തട്ടിപ്പ് സംഘം

Update: 2026-02-19 04:25 GMT

കോട്ടയം: കോട്ടയത്ത് ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക ജി.എസ്.ടി. നമ്പർ ദുരുപയോഗം ചെയ്ത് തേയില വ്യാപാരിയിൽ നിന്ന് പണം തട്ടാനുള്ള വൻ ശ്രമം പൊളിഞ്ഞു. കോട്ടയം മാർക്കറ്റിലെ റെയിൻബോ ടീ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീന്റെ സമയോചിതവും ജാഗ്രതയോടുകൂടിയുള്ള ഇടപെടലുമാണ് തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴാതെ അദ്ദേഹത്തെ രക്ഷിച്ചത്. കോട്ടയത്തെ ആർമി കാന്റീനിലേക്ക് 500 കിലോ തേയില അടിയന്തരമായി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തട്ടിപ്പിന്റെ തുടക്കം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഹമ്മദ് അമീനെ ഒരു ഫോൺ കോൾ വഴി തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. പുനാൽ ചൗധരി എന്ന പേരിൽ ഒരു ആർമി ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ, കോട്ടയം ആർമി കാന്റീനിനായി 500 കിലോ തേയില ആവശ്യമാണെന്ന് അറിയിച്ചു. തുടർന്ന് തേയിലയുടെ വിലവിവരങ്ങൾ വാട്സാപ്പിൽ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം, "ജയ് ഹിന്ദ്, ഐ ആം പുനാൽ ചൗധരി, ആർമി ഓഫീസർ കോട്ടയം, ഇൻ ചാർജ് ആർമി കാന്റീൻ" എന്ന് വാട്സാപ്പിൽ മറുപടിയും നൽകി.

വ്യാപാരി അയച്ചുകൊടുത്ത പട്ടികയിൽനിന്ന് ഒരു പ്രത്യേകതരം തേയില തിരഞ്ഞെടുത്ത്, 30 കിലോ ബാഗുകളിലായി മൊത്തം 500 കിലോ ആവശ്യമുണ്ടെന്നും ഇതിനായുള്ള പെർഫോമ ഇൻവോയിസ് അയച്ചുതരണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇടപാടിന് വിശ്വാസ്യത വരുത്തുന്നതിനായി ഇന്ത്യൻ ആർമിയുടേതെന്ന് പറഞ്ഞ് ഒരു ജി.എസ്.ടി. നമ്പറും ഇവർ നൽകി. വ്യാപാരി ഈ ജി.എസ്.ടി. നമ്പർ പോർട്ടലിൽ പരിശോധിച്ചപ്പോൾ, അത് ആർമി ഹൗസിങ് വെൽഫെയർ ഓർഗനൈസേഷന്റെ യഥാർഥ ജി.എസ്.ടി. നമ്പരാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഇടപാട് കൂടുതൽ വിശ്വാസയോഗ്യമായി തോന്നിച്ചു.

ഓഫീസറെ നേരിൽ കാണാൻ അനുമതി ചോദിച്ചപ്പോൾ, തനിക്ക് തിരക്കാണെന്നും പിറ്റേന്ന് കോട്ടയം പാറമ്പുഴയിലുള്ള എൻ.സി.സി. കാന്റീനിൽ സാധനവുമായെത്തിയാൽ മതിയെന്നും തട്ടിപ്പുകാരൻ അറിയിച്ചു. സാമ്പിൾ കാണേണ്ടേയെന്ന് ചോദിച്ചപ്പോൾ, സാധനം നേരിട്ട് എത്തിച്ചാൽ മതിയെന്നായിരുന്നു മറുപടി. പിന്നീട്, ഏഴ് വർഷത്തേക്കുള്ള തേയില കരാറാണിതെന്നും, ഇത് രജിസ്റ്റർ ചെയ്യുന്നതിനായി 100 രൂപയോ 200 രൂപയോ ഒരു അക്കൗണ്ടിലേക്ക് അയച്ചുതരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ, ലിങ്ക് വഴി പണമടയ്ക്കാനായിരുന്നു നിർദേശം.

ലിങ്ക് വഴി പണം അടയ്ക്കാൻ കഴിയില്ലെന്നും, നേരിട്ടോ അക്കൗണ്ട് നമ്പറിലോ നൽകാമെന്നും മുഹമ്മദ് അമീൻ അറിയിച്ചതോടെ 'ആർമി ഓഫീസർ' ഫോൺ കോൾ അവസാനിപ്പിക്കുകയായിരുന്നു. ഒരു നമ്പറിൽനിന്ന് വിളിച്ച് മറ്റൊരു നമ്പരിൽ വാട്സാപ്പ് കണക്ട് ചെയ്താണ് തട്ടിപ്പിന് ശ്രമിച്ചത്. സൈന്യത്തിന്റെ ഒറിജിനൽ നമ്പരും ചിഹ്നങ്ങളുമടക്കം ഉപയോഗിച്ചാണ് ഇവർ വ്യാപാരിയെ സമീപിച്ചത്. പിന്നീട് മുഹമ്മദ് അമീൻ പാറമ്പുഴയിലെ ആർമി ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ യഥാർഥ ചിത്രം വ്യക്തമായത്. വ്യാപാരിയുടെ സമയോചിതവും ബുദ്ധിപരവുമായ ഇടപെടൽ കാരണം വൻ സാമ്പത്തിക തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. 

Tags:    

Similar News