മൊയ്തീന്‍ കുട്ടി വെറും കുട്ടിയല്ല, മാസ്റ്റര്‍ ട്രെയിനര്‍! കായിക, യോഗാ പരിശീലനങ്ങളുടെ മറവില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചു; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പി.എഫ്.ഐ. ഒരുക്കിയ സായുധസംഘത്തിന്റെ തലതൊട്ടപ്പന്‍; പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കുറിച്ച് എന്‍.ഐ.എ നല്‍കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മൊയ്തീന്‍ കുട്ടി വെറും കുട്ടിയല്ല, മാസ്റ്റര്‍ ട്രെയിനര്‍!

Update: 2026-02-19 06:12 GMT

കൊച്ചി: ആയുധപരിശീലനക്കേസിലെ പിടികിട്ടാപ്പുള്ളിയായ പോപ്പുലര്‍ ഫ്രണ്ട് (പി.എഫ്.ഐ.) പ്രവര്‍ത്തകന്‍ മൊയ്തീന്‍കുട്ടിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. ഇയാള്‍ ആയുധപരിശീലനം നടത്തിയിരുന്നതായും മാസ്റ്റര്‍ ട്രെയിനറായിരുന്നുവെന്നുമാണ് എന്‍ഐഎ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കായിക, യോഗാ പരിശീലനങ്ങളുടെ മറവില്‍ മൊയ്തീന്റെ നേതൃത്വത്തില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചതായും എന്‍ഐഎ വ്യക്തമാക്കുന്നു.

മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശിയായ മൊയ്തീന്‍കുട്ടിയെ എന്‍.ഐ.എ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. മൊയ്തീന്‍കുട്ടി കായിക ആയുധ പരിശീലന വിങ്ങിന്റെ കോര്‍ഡിനേറ്ററായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്തുടനീളം നൂറുകണക്കിന് യുവാക്കള്‍ക്ക് പരിശീലനം ലഭിച്ചുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പി.എഫ്.ഐ. ഒരുക്കിയ സായുധസംഘത്തിന് ആയുധപരിശീലനം നല്‍കിയത് മൊയ്തീന്‍കുട്ടിയാണെന്നാണ് എന്‍.ഐ.എ. പറയുന്നത്. കായിക, യോഗാ പരിശീലനങ്ങളുടെ മറവില്‍ മൊയ്തീന്റെ നേതൃത്വത്തില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചു. മൊയ്തീന്‍കുട്ടി നേരത്തേ കൈവെട്ട്ക്കേസിലും പ്രതിചേര്‍ക്കപ്പെട്ടയാളാണെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. ഇയാളെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ കൂടുല്‍ അന്വേഷണം നടത്താനാണ് നീക്കം.

പിഎഫ്ഐക്കെതിരേ രാജ്യവ്യാപകമായ റെയ്ഡ് നടത്തുകയും ഇതിനുപിന്നാലെ പിഎഫ്ഐയെ നിരോധിക്കുകയുംചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കുന്ന സമയത്ത് വളാഞ്ചേരിയില്‍ ആക്രിക്കട നടത്തുകയായിരുന്നു മൊയ്തീന്‍കുട്ടിയെന്ന നിര്‍ണായകവിവരവും എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ ഒളിവില്‍പ്പോയ മൊയ്തീന്‍കുട്ടി പിന്നീട് വിദേശത്തേക്കു കടന്നിരുന്നു. ഇതോടെ മൊയ്തീന്‍കുട്ടിയെ എന്‍ഐഎ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 3 വര്‍ഷമായി യുഎഇയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.

ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൊയ്തീന്‍കുട്ടി യുഎഇയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി. മൊയ്തീന്‍കുട്ടിയുടെ യുഎഇയിലെ പ്രവര്‍ത്തനങ്ങളിലേക്കും എന്‍ഐഎ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ പദ്ധതി.

ബുധനാഴ്ച യു.എ.ഇ.യില്‍നിന്ന് എത്തിയ ഉടനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മന്‍സൂര്‍, പറവൂര്‍ സ്വദേശി അബ്ദുള്‍ വഹാബ്, പട്ടാമ്പി സ്വദേശി അബ്ദുള്‍ റഷീദ്, ആലങ്ങാട് സ്വദേശി മുഹമ്മദ് യാസര്‍ അറാഫത്ത്, എടവനക്കാട് സ്വദേശി ടി.എ. അയൂബ് എന്നിവരാണ് കേസില്‍ ഇനിയും പിടിയിലാകാനുള്ളത്. ഇവര്‍ക്കെതിരേ തിരച്ചില്‍ നോട്ടീസ് നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News