അയല്‍ക്കാര്‍ കണ്ടത് പെണ്‍കുട്ടിയെ വാരിയെടുത്ത് ഓടുന്ന അപരിചിതനായ യുവാവിനെ; തിരുവല്ല പെരിങ്ങോളില്‍ ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷം പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു; വായ്പൂര്‍ സ്വദേശി ജാവേദ് പോലീസ് കസ്റ്റഡിയില്‍
പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
തിരുവല്ല: കാവുംഭാഗം പെരിങ്ങോളില്‍ ജീവനൊടുക്കുന്നതായി സുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം പ്ലസ് ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ വായ്പൂര്‍ സ്വദേശിയായ ജാവേദിനെ (21) പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പെരിങ്ങോള്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് മരിച്ചത്. മോഡല്‍ പരീക്ഷയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി അടുക്കളയുടെ കഴുക്കോലില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നു മണിയോടെ ആയിരുന്നു സംഭവം.
മൂന്നു മണിയോടെ ജാവേദ് സ്‌കൂട്ടറില്‍ എത്തി. തുടര്‍ന്ന് തൂങ്ങി നിന്ന കുട്ടിയെ ഷാള്‍ അറുത്ത് തോളിലെടുത്ത് ഓടുമ്പോള്‍ ആണ് അയല്‍വാസികള്‍ പോലും സംഭവം അറിയുന്നത്. സമീപവാസികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മരണപ്പെട്ട പെണ്‍കുട്ടിക്കും സഹോദരനും ജാവേദ് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കാവുംഭാഗം ജംഗ്ഷനില്‍ വച്ച് പെണ്‍കുട്ടിക്ക് വാങ്ങി നല്‍കിയ ഫോണ്‍ ജാവേദ് എറിഞ്ഞു പൊട്ടിച്ചിരുന്നു. തുടര്‍ന്ന് സഹോദരന്‍ നല്‍കിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത്. തിരുവല്ല പോലീസ് നടത്തിയ നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവല്ലയിലെ പ്രമുഖ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയാണ് പെണ്‍കുട്ടി.