ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ബംഗാളിലെത്തി അവിടെ നിന്ന് വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തി; ജോലി എടുത്തത് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍; ധാക്കാക്കാരന്‍ നേപ്പാള്‍ ദാസം കുടുങ്ങുമ്പോള്‍

Update: 2025-10-22 05:35 GMT

ഫറോക്ക്: ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ബംഗാളിലെത്തി അവിടെ നിന്ന് വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തി കേരളത്തിലെത്തിയവരില്‍ ഒരാള്‍ ബേപ്പൂരില്‍ പിടിയില്‍. ബംഗ്ലാദേശിലെ ധാക്ക ജില്ലയിലെ ഗുട്ടാസാര സ്വദേശി നേപ്പാള്‍ ദാസ് (23) ആണ് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ പിടിയിലായത്. ഇയാളെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി കൊല്ലം ശക്തികുളങ്ങര പൊലീസ് ബംഗ്ലാദേശ് സ്വദേശിയായ പരുമല്‍ദാസ് (21), ഇയാളെ കൊല്ലത്തെത്തിച്ച് ബോട്ടില്‍ ജോലി നല്‍കാന്‍ സഹായിച്ച തപന്‍ദാസ് (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ബേപ്പൂരില്‍ ബോട്ടില്‍ ജോലിചെയ്തുകൊണ്ടിരുന്ന നേപ്പാള്‍ ദാസ് പിടിയിലായത്.

ബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ കലിങ്ങനഗര്‍, കളികപൂര്‍, ജയല്‍ദാസ് മകന്‍ നേപ്പാള്‍ ദാസ് (19) എന്ന വിലാസത്തിലാണ് രണ്ടുമാസമായി ബേപ്പൂരില്‍ കഴിഞ്ഞിരുന്നതെന്ന് തെളിഞ്ഞു. കൊല്‍ക്കത്തയില്‍നിന്ന് ഈ വിലാസത്തില്‍ ആധാര്‍ കാര്‍ഡ് ഓനോബ് എന്നയാള്‍ തരപ്പെടുത്തിക്കൊടുത്തതാണ് എന്നും യുവാവ് സമ്മതിച്ചു. ബംഗ്ലാദേശില്‍നിന്ന് ഉരു മാര്‍ഗം ബംഗാളിലേക്ക് കടന്ന പതിനൊന്നംഗ സംഘത്തിലുള്‍പ്പെട്ടതാണ് നേപ്പാള്‍ ദാസ്.

എട്ടുപേരും ബംഗ്ലാദേശിലേക്ക് തിരിച്ചുപോയെന്നും മൂന്നുപേരാണ് ഇന്ത്യയില്‍ തങ്ങിയതെന്നും പറയുന്നു. ബേപ്പൂരില്‍ 'ഖമര്‍ദീന്‍' എന്ന ബോട്ടിലാണ് ജോലിചെയ്തിരുന്നത്. നാട്ടിലുള്ള അച്ഛന്റെ സഹോദരി ദശമി ദാസിന്റെ പേരില്‍ ഒരു ലക്ഷത്തോളം രൂപ അയച്ചതിന്റെ രേഖയും പൊലീസിന് ലഭിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags:    

Similar News