യന്ത്ര സഹായത്താൽ പ്രവർത്തിക്കുന്ന ഗേറ്റും വാതിലുമുള്ള ആഡംബര വീട്; സ്വന്തമായി ഒട്ടേറെ വാഹനങ്ങളും, കോഴിഫാമുകളും; ബാങ്കിൽ നിന്നും തട്ടിയത് 27 കോടി; അസമിൽ നയിച്ചിരുന്നത് സമ്പന്ന ജീവിതം; സൈബർ തട്ടിപ്പ് വിരുതനെ പൊക്കി കേരള പോലീസ്
കൊച്ചി: കേരളത്തിലെ ഒരു പ്രമുഖ ബാങ്കിൽ നിന്നും 27 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അസമിൽ പിടിയിൽ. അസം സ്വദേശിയായ സിറാജുൽ ഇസ്ലാം ആണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ സഹോദരൻ ഷെറിഫുൽ ഇസ്ലാം ഒളിവിലാണ്. ആഡംബര ജീവിതം നയിച്ചിരുന്ന പ്രതികളെ പിടികൂടാനായി കേരളാ പോലീസ് അസം പോലീസിന്റെ സഹായം തേടുകയായിരുന്നു.
ആധാറും പാൻ കാർഡും ലഭ്യമാക്കുന്ന ഏജൻസി നടത്തുകയായിരുന്ന സിറാജുൽ ഇസ്ലാം, ഇതിലൂടെ ലഭിച്ച പാൻ കാർഡുകളിൽ ഉയർന്ന സിബിൽ സ്കോർ ഉള്ളവരുടെ വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. പിന്നീട്, ഈ പാൻ കാർഡുകളിൽ സ്വന്തം ചിത്രങ്ങൾ പതിച്ച് ഡിജിറ്റൽ കെ.വൈ.സി. പൂർത്തിയാക്കി. തുടർന്ന്, ഈ രേഖകൾ ഉപയോഗിച്ച് ബാങ്കിന്റെ ഓൺലൈൻ ക്രെഡിറ്റ് കാർഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് വെർച്വൽ ക്രെഡിറ്റ് കാർഡുകൾ കരസ്ഥമാക്കി. ഇങ്ങനെ ലഭിക്കുന്ന കാർഡുകളിലെ പണം പ്രധാന ഡിജിറ്റൽ വാലറ്റ് ആപ്പുകളിലേക്കും അവിടെനിന്ന് സ്വന്തം അക്കൗണ്ടുകളിലേക്കും മാറ്റി തട്ടിപ്പ് നടത്തി. ഏകദേശം 500-ൽ അധികം പേരുടെ പാൻ കാർഡുകളാണ് ഇത്തരത്തിൽ തട്ടിപ്പിനായി ഉപയോഗിച്ചത്.
2023ലാണ് തട്ടിപ്പ് നടക്കുന്നത്. അപേക്ഷിക്കാതെ തന്നെ ക്രെഡിറ്റ് കാർഡ് വീട്ടിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇത് സംശയാസ്പദമായി തോന്നിയ ഒരു വ്യക്തി ബാങ്കിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ വെർച്വൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ചില ഇടപാടുകളിൽ ബാങ്ക് അധികൃതർക്ക് സംശയം തോന്നി. തുടർന്നാണ് ഇവർ പോലീസിനെ സമീപിച്ചത്.
ആദ്യം എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ്, പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് അന്വേഷണത്തിനായി കൈമാറുകയായിരുന്നു. 27 കോടി രൂപയുടെ തട്ടിപ്പിൽ നാല് കോടി രൂപയോളം സിറാജുലിന്റെ അക്കൗണ്ട് വഴി ഡിജിറ്റൽ വാലറ്റ് ആപ്പുകളിൽ നിന്ന് കൈമാറിയതായി അന്വേഷണ സംഘത്തിന് കണ്ടെത്താനായി. തുടർന്ന്, അസം പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിറാജുൽ ഇസ്ലാമിനെ പിടികൂടാനായത്.
ലാഹോരിഘട്ട് പൊലീസിന്റെ സഹായത്തോടെ സിറാജുലിനെക്കുറിച്ച് വിശദമായി അന്വേഷിച്ച സംഘം 17 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സമ്പന്ന ജീവിതമാണ് പ്രതി നയിച്ചിരുന്നത്. യന്ത്ര സഹായത്താൽ പ്രവർത്തിക്കുന്ന ഗേറ്റും വാതിലും അലമാരയുമടക്കമുള്ള ആഡംബര വീടും ഒട്ടേറെ വാഹനങ്ങളും ഇയാൾക്കുണ്ട്. കോഴിഫാം ഭൂമി അടക്കമുള്ള സ്വത്തുക്കളും തട്ടിപ്പിലൂടെ സമ്പാദിച്ചാണെന്നാണ് കരുതുന്നത്. കേരളത്തിലെത്തിച്ച പ്രതിയെ എറണാകുളം സി.ജെ.എം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.