പ്രസവവേദന കൂടിയതോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു; ലേബര്‍ റൂമില്‍ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് പുറത്താക്കി; ശുചിമുറിയിലേക്കു പോകാന്‍ ഇടനാഴിയിലൂടെ നടക്കവെ പ്രസവം; തല തറയിലിടിച്ച് കുഞ്ഞു മരിച്ചു; പരാതിയുമായി ബന്ധുക്കള്‍

Update: 2025-11-20 07:09 GMT

ബെംഗളൂരു: കര്‍ണാടകയില്‍ ഹാവേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവിച്ച നവജാതശിശു തല തറയിലിടിച്ച് മരിച്ചു. ലേബര്‍ റൂമില്‍ കിടക്ക ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടനാഴിയില്‍ പ്രസവിക്കുകയായിരുന്നു. റാണെബെന്നൂര്‍ കാങ്കോല്‍ സ്വദേശി രൂപ ഗിരീഷി(30)ന്റെ പെണ്‍കുഞ്ഞാണു മരിച്ചത്. പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലേബര്‍ റൂമില്‍ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് അകത്തു പ്രവേശിപ്പിച്ചില്ല. ശുചിമുറിയിലേക്കു പോകാന്‍ ഇടനാഴിയിലൂടെ നടക്കുമ്പോഴായിരുന്നു പ്രസവം. കുട്ടിയുടെ തല തറയിലിടിച്ചതാണു മരണകാരണം.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആശുപത്രി സൂപ്രണ്ടിനോട് കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കടുത്ത പ്രസവവേദനയില്‍ എത്തിയ രൂപയ്ക്കു ബെഡ് നല്‍കിയില്ലെന്നു മാത്രമല്ല, നിലത്ത് ഇരിക്കാന്‍ നിര്‍ബന്ധിച്ചെന്നും കുടുംബം ആരോപിച്ചു. ജീവനക്കാരില്‍നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം പറഞ്ഞു. കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

''രൂപയ്ക്ക് വളരെയധികം വേദനയുണ്ടായിരുന്നു. ഭയങ്കര ബുദ്ധിമുട്ടിലായിരുന്നു അവര്‍. എന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം ആരും അവളെ നോക്കിയില്ല. ഞങ്ങള്‍ അവരോട് യാചിച്ചുപറഞ്ഞതാണ്. പക്ഷേ, മൊബൈലില്‍ നോക്കിയിരുന്നതല്ലാതെ അവര്‍ യാതൊന്നും ചെയ്തില്ല'' കുടുംബാഗങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, അവഗണനയുണ്ടായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജില്ലാ ആശുപത്രി സര്‍ജന്‍ ഡോ. പി.ആര്‍. ഹവാനുര്‍ പറഞ്ഞു. ''രാവിലെ 10.27നാണ് യുവതിയെത്തിയത്. അപ്പോള്‍ മൂന്നു യുവതികള്‍ ലേബര്‍ വാര്‍ഡില്‍ ഉണ്ടായിരുന്നു. കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വേദനകൂടി അവര്‍ ശുചിമുറിയിലേക്കു പോയി. അവരുടെ ബിപി 160/100 എന്ന നിലയില്‍ ആയിരുന്നു. എട്ടു മാസം ഗര്‍ഭിണിയായിരുന്ന അവരെ 10.36ന് വാര്‍ഡിലേക്കു കയറ്റി. തിങ്കളാഴ്ച മുതല്‍ കുഞ്ഞിന് അനക്കമില്ലെന്നായിരുന്നു അവരുടെ പരാതി. പ്രസവത്തിനുമുന്‍പുതന്നെ കുട്ടി മരിച്ചിരുന്നോയെന്നു സംശയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. 11.07നാണ് യുവതി വാര്‍ഡിനു പുറത്തേക്കു വരുന്നത്'' അദ്ദേഹം പറഞ്ഞു.

Similar News