ഇന്ത്യയിലേക്ക് കടത്തിയത് 127 കിലോ സ്വര്‍ണം; വിവിധ ജ്വല്ലറികള്‍ വഴി കളളക്കടത്തു സ്വര്‍ണം വിറ്റഴിച്ചു; നടി രന്യ റാവുവിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു ഇഡി; നടിയുടെ സഹായി തരുണ്‍ കൊണ്ടൂരു, ബെല്ലാരി സ്വദേശിയായ സ്വര്‍ണ വ്യാപാരി സാഹില്‍ സക്കറിയ ജെയിന്‍ എന്നിവരും കുറ്റപത്രത്തില്‍
ഇന്ത്യയിലേക്ക് കടത്തിയത് 127 കിലോ സ്വര്‍ണം; വിവിധ ജ്വല്ലറികള്‍ വഴി കളളക്കടത്തു സ്വര്‍ണം വിറ്റഴിച്ചു; നടി രന്യ റാവുവിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു ഇഡി
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടിയും കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകളുമായ രന്യ റാവുവിനെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമര്‍പ്പിച്ചു. 102 കോടി രൂപയുടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം. 127 കിലോഗ്രാം സ്വര്‍ണം ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് കടത്തിയെന്നും അത് വിവിധ ജ്വല്ലറികള്‍ വഴി വിറ്റഴിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ബെംഗളൂരുവിലെ പ്രത്യേക പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
രന്യ റാവുവിനെ കൂടാതെ അവരുടെ സഹായി തരുണ്‍ കൊണ്ടൂരു, ബെല്ലാരി സ്വദേശിയായ സ്വര്‍ണ വ്യാപാരി സാഹില്‍ സക്കറിയ ജെയിന്‍ എന്നിവരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബെംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് രന്യ റാവു 14.2 കിലോ സ്വര്‍ണവുമായി പിടിയിലായത്. 15 ദിവസത്തിനിടെ നാലാം തവണ ദുബായ് യാത്ര നടത്തി വിമാനം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
രന്യയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു. ഒരു കിലോ സ്വര്‍ണം കടത്തുന്നതിന് 4 മുതല്‍ 5 ലക്ഷം രൂപ വരെ ഇവര്‍ കമ്മിഷനായി വാങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡിആര്‍ഐ രന്യയ്ക്ക് 102 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിലവില്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലാണ് നടി.
കേസില്‍ രന്യാ റാവുവിന് 102 കോടി പിഴയിട്ടിരുന്നു റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്കും ഡിആര്‍ഐ പിഴയിട്ടിട്ടുണ്ട്. ഇരുവര്‍ക്കും 63, 56 കോടി രൂപവീതമാണ് പിഴ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിനായിരുന്നു കന്നഡ നടി രന്യാ റാവു ബെംഗളൂരു കെംപഗൗഡ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത്.
കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യാ റാവു. നേരത്തെ. കോഫെപോസ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടിക്ക് ഒരുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു.
