ഇളയ മകള്‍ കാലുകള്‍ പിടിച്ചുവെച്ചു; മൂത്തയാള്‍ കത്തി ഉപയോഗിച്ച് കഴുത്തറുത്തു; കുടുംബാംഗങ്ങളെ മയക്കി കിടത്തിയ ശേഷം പിതാവിനെ അതിക്രൂരമായി കൊലപ്പടുത്തി പെണ്‍മക്കള്‍: കൊലനടത്തിയത് വിവേചനം കാണിച്ചതില്‍ പ്രകോപിതരായി
പിതാവിനെ കഴുത്തറുത്തു കൊന്ന് പെണ്‍മക്കള്‍
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പെണ്‍മക്കള്‍ ചേര്‍ന്ന് ഉറങ്ങിക്കിടന്ന പിതാവിനെ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച രാത്രിയാണ് കര്‍ഷകനായ 60 വയസ്സുകാരന്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് 16 ഉം 32 ഉം വയസ്സുള്ള പെണ്‍മക്കള്‍ പിടിയിലായത്. ഇരുവരും ചേര്‍ന്ന് മുന്‍കൂട്ടി ആസുത്രണം ചെയ്തത് പ്രകാരം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. കുടുംബത്തിനുള്ളില്‍ തന്നെ പെണ്‍മക്കളോട് വിവേചനം കാണിച്ചതില്‍ പ്രകോപിതരായാണ് കൊലപാതകം.
ദിവസങ്ങളായി പിതാവിനെ കൊല്ലാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി അമ്മയുള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്ക് ഉറക്ക ഗുളിക ചേര്‍ത്ത ഭക്ഷണം നല്‍കി മയക്കി കിടത്തി. ശേഷം ഉറങ്ങിക്കടന്ന പിതാവിനെ ഇരുവരും ചേര്‍ന്ന് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഇളയ മകള്‍ കാലുകള്‍ മുറുകെ പിടിക്കുകയും മൂത്തയാള്‍ അടുക്കളയിലെ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം ഇരുവരും ഒന്നുമറിയാത്തവരെ പോലെ കിടന്നുറങ്ങി.
തിങ്കളാഴ്ച പുലര്‍ച്ചെ ഉണര്‍ന്ന വീട്ടിലെ മറ്റുള്ളവരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ ഗൃഹനാഥനെ കണ്ടെത്തുന്നത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ സമയമെല്ലാം പെണ്‍കുട്ടികള്‍ കൂസലില്ലാതെ നിനത് സംശയത്തിനിടയാക്കി. പിന്നാലെ രണ്ട് പെണ്‍മക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പിതാവിന്റെ പെരുമാറ്റത്തില്‍ തങ്ങള്‍ അസ്വസ്ഥരായിരുന്നുവെന്നും മകനോടും പെണ്‍മക്കളോടും രണ്ട് രീതിയിലാണ് പെരുമാറിയിരുന്നതെന്നും അവര്‍ പറഞ്ഞു. അവിവാഹിതയായി തുടരുന്നതിനും വീട്ടില്‍ തന്നെ കഴിയുന്നതിനും ജോലിയ്ക്ക് പോകാത്തതിലും പിതാവ് ഇടയ്ക്കിടെ തങ്ങളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ടെന്നും സഹോദരിമാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുടുംബാംഗങ്ങളെ ഉറക്കി കിടത്താന്‍ ഉപയോഗിച്ച ഉറക്ക ഗുളികളും പിതാവിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു.
മാത്രമല്ല കൊലപാതകം നടത്തുമ്പോള്‍ ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രക്തം പുരണ്ട നിലയില്‍, കാലിത്തീറ്റയ്ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഭോപ്പ പൊലീസ് സ്റ്റേഷനില്‍ ബിഎന്‍എസ് സെക്ഷന്‍ 103 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
