കവര്‍ച്ചയ്ക്കായി മൂന്ന് തവണ എത്തി; ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇത്തവണ പദ്ധതി പാളി; പട്ടാപ്പകല്‍ ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച യുവതി പിടിയില്‍; പിന്നാലെ ആത്മഹത്യശ്രമം
കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണശ്രമം. പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്.
രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു. ഈ തര്‍ക്കത്തിനിടെയാണ് ഇവര്‍ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതോടെ ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞു. ഇവരെ പന്തീരങ്കാവ് പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.
ജ്വല്ലറി ഉടമയ്ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിന് ശേഷം മോഷണം നടത്താനാണ് യുവതി ശ്രമിച്ചത്. സാമ്പത്തികബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് മോഷണശ്രമമെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. മോഷണത്തിനായി മുന്‍പ് മൂന്നുതവണ യുവതി ജ്വല്ലറിയില്‍ എത്തിയെന്നാണ് വിവരം. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.