കോളേജിലെ സഹപാഠിയെ വിവാഹം കഴിച്ചത് കോടതിയില്‍വച്ച്; ഒമ്പത് വര്‍ഷത്തെ ദാമ്പത്യം തകര്‍ന്നപ്പോള്‍ സ്വര്‍ണവുമായി മുങ്ങി; മറ്റൊരു യുവതിയെ താലികെട്ടവെ പൊലീസുമായി എത്തി തടഞ്ഞ് ആദ്യ ഭാര്യ; തെളിവായി പഴയ വിവാഹ ഫോട്ടോ; സംഘര്‍ഷം; ഒടുവില്‍ അറസ്റ്റ്

Update: 2025-11-20 12:10 GMT

ബസ്തി: ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ വധുവിനെ താലിചാര്‍ത്താന്‍ ഒരുങ്ങവെ പൊലീസുമായി എത്തി വരന്‍ തന്റെ ഭര്‍ത്താവെന്ന് വെളിപ്പെടുത്തി യുവതി. നവംബര്‍ 17 -ന് രാത്രി ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള പിരെല്ല ഗ്രാമത്തിലെ വിവാഹ പന്തലിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അതിഥികളുടെ അനുഗ്രഹാശിസുകളോടെ വരന്‍ വധുവിന്റെ കഴുത്തില്‍ വരണ്യമാല്യം ചാര്‍ത്തുന്നതിനിടെയാണ് പെട്ടെന്ന് ആദ്യ ഭാര്യയുടെ നാടകീയ വരവ്. പിന്നാലെ അവര്‍ വിവാഹം തടസപ്പെടുത്തി. വരന്‍ തന്റെ ഭര്‍ത്താവണെന്ന് വാദിച്ചു. ഒപ്പം തങ്ങളുടെ വിവാഹ ഫോട്ടോയും വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇവര്‍ അവിടെ വച്ച് പോലീസിനെ കാണിച്ചു. ഇതോടെ വിവാഹ ചടങ്ങ് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഗണേഷ്പൂരിലെ വാള്‍ട്ടര്‍ഗഞ്ചില്‍ നിന്നുള്ള ലവ്കുഷ് എന്നറിയപ്പെടുന്ന വിനയ് അംഗദ് ശര്‍മ്മ എന്ന വരന്‍ ആ വിവാഹ വേദിയില്‍ വച്ച് പിരെല്ല ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുകയായിരുന്നു. ബാന്‍ഡും പതിവ് ആഘോഷങ്ങളുമൊക്കെയായി വിവാഹ ഘോഷയാത്ര വേദിയിലെത്തി ചടങ്ങുകള്‍ ആരംഭിക്കുന്നതിനിടെയാണ് സംഭവങ്ങള്‍. വിനയ് തന്റെ ഭര്‍ത്താവാണെന്ന് രേഷ്മ ആവര്‍ത്തിച്ച് പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ മറുപടി പറയണമെന്ന് അവര്‍ വിനയ്‌യെ നിര്‍ബന്ധിച്ചു. എന്നാല്‍, തനിക്ക് അവരെ അറിയില്ലെന്നും താന്‍ മുമ്പ് വിവാഹം കഴിച്ചിട്ടില്ലെന്നും വിനയ് അവകാശപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തിലെ അങ്കലേശ്വറില്‍ നിന്നുമെത്തിയ രേഷ്മ, വിനയ് തന്നെ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും ആ പണം കൊണ്ടാണ് ഇപ്പോഴത്തെ വിവാഹമെന്നും ആരോപിച്ചു. വിവാഹ വേദിയില്‍ സംഘര്‍ഷം മൂര്‍ച്ചിച്ചതോടെ വധു വിവാഹത്തില്‍ നിന്നും പിന്മാറി വേദിയില്‍ നിന്നുമിറങ്ങിപ്പോയി.

വിനയ്യുമായി ഒമ്പത് വര്‍ഷത്തെ ദാമ്പത്യബന്ധമുണ്ടെന്ന് രേഷ്മ അവകാശപ്പെട്ടു. കോളേജില്‍ ഒരുമിച്ച് പഠിച്ച അവര്‍ 2022 മാര്‍ച്ച് 30 ന് ഒരു കോടതിയില്‍ വച്ച് വിവാഹിതരായി. 2022 ഡിസംബര്‍ 8 ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഒരു ആഡംബര വിവാഹവും നടത്തി. എന്നാല്‍, പിന്നീട് ഇരുവരുടെയും ബന്ധം തകര്‍ന്നു. അതിന്റെ കേസ് ഇപ്പോഴും നടക്കുകയാണ്. ഇതിനിടെ തന്റെ ആഭരണങ്ങളും പണവുമായി വിനയ് ഓടിപ്പോവുകയായിരുന്നെന്നും ഇത് സംബന്ധിച്ച് വിനയ്‌ക്കെതിരെ ഒരു വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും രേഷ്മ പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹം നിയമപരമായി അസാധുവാണെന്ന് അറിയിച്ച പോലീസ് രേഷ്മയെയും വിനയ്‌യെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Similar News