മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ വിവാഹം; ഒരുമിച്ച് നൃത്തം ചെയ്തു; വിവാഹ പിറ്റേന്ന് നവവധുവിനെ കാണാതായി; വരന്‍ നല്‍കിയ ആഭരണങ്ങളും കാണാനില്ല; കാമുകനൊപ്പം ഒളിച്ചോടിയെന്ന് വിവരം

Update: 2025-11-21 11:38 GMT

ലക്നൗ: മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവധു കാമുകനോടോപ്പം ഒളിച്ചോടി. വരന്‍ നല്‍കിയ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമായാണ് യുവതി മുങ്ങിയതെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. വധുവിനെ കാണാതായതോടെ യുവാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

മൂന്ന് മാസം മുമ്പാണ് സുനില്‍ കുമാറിന്റെയും പല്ലവിയുടെയും വിവാഹം നിശ്ചയിച്ചത്. വിവാഹ ദിവസം 90 പേരടങ്ങുന്ന ഘോഷയാത്രയോടെയായിരുന്നു സുനില്‍ എത്തിയത്. ഇരുവരും മാലകള്‍ കൈമാറുകയും ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെയോടെ വധുവിനെ കാണാതായി. വരന്റെ വീട്ടിലേക്ക് വധുവിനെ കൊണ്ടുപൊകുന്ന ചടങ്ങിലാണ് പല്ലവിയെ കാണാതായ വിവരം കുടുംബം മനസിലാക്കിയത്. തുടര്‍ന്ന് ഇരു കുടുംബങ്ങളും ചേര്‍ന്ന് മണിക്കൂറുകളോളം തിരച്ചില്‍ നടത്തി.

വിവാഹ ചെലവുകള്‍ക്കായി സുശീല്‍ കുമാര്‍ 1,60,000 രൂപയ്ക്ക് ഭൂമി പണയപ്പെടുത്തിയിരുന്നു. ഈ തുക പല്ലവിയുടെ ആഭരണങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്തിരുന്നു.വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിനെതിരെ ഔദ്യോഗികമായി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വധു കാമുകനോടൊപ്പം ഒളിച്ചോടിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വിവാഹ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രാത്രിയില്‍ പോയിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പല്ലവിയുടെ നീക്കങ്ങള്‍ അറിയുന്നതിനായി മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Similar News