പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലിസ്: മുഖ്യമന്ത്രിയുടെ ഓഫിസില്‍ വരെ പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍സന്ദേശം
പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി
നെയ്യാറ്റിന്‍കര: പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഏക മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭം. പിതാവിന്റെ നിരന്തരമുള്ള മര്‍ദനം സഹിക്കവയ്യാതെയാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും നില ഗുരുതരമല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥിരം മദ്യപനായ കുട്ടിയുടെ പിതാവ് കഴിഞ്ഞ ഒന്നര വര്‍ഷമായി ഭാര്യയെയും മകളെയും നിരന്തരം മര്‍ദിക്കുമായിരുന്നു. പലവട്ടം അര്‍ധരാത്രി വീട്ടില്‍നിന്ന് ഇറക്കി വിടുകയും ചെയ്തു. മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍ ഭാര്യയ്ക്കും മഏകകള്‍ക്കും നേരെ വലിയ പ്രശ്‌നമായിരുന്നു ഉണ്ടാക്കിയിരുന്നത്. കഴിഞ്ഞ ദിവസവും മര്‍ദിച്ചപ്പോഴാണു മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭാര്യയ്ക്കു തലയിലും കയ്യിലും മുഖത്തും പരുക്കുണ്ട്.
ചൈല്‍ഡ് ലൈനിലും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലും പലവട്ടം പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ ഓഫിസില്‍ വരെ പരാതിപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്നു പെണ്‍കുട്ടി ബന്ധുവിന് അയച്ച ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. പിതാവിനെ വിളിച്ചുവരുത്തി താക്കീതു നല്‍കി വിടുക മാത്രമാണ് പൊലീസ് ചെയ്തത്. പിതാവ് പഠിക്കാന്‍ അനുവദിച്ചില്ല. സ്‌കൂളില്‍ പോകരുതെന്ന് വിലക്കി, പുസ്തകങ്ങള്‍ വലിച്ചു കീറി, തുടങ്ങിയ വിവരങ്ങളും കുട്ടി ഫോണ്‍ സന്ദേശത്തില്‍ ബന്ധുവിനോട് പങ്കുവച്ചിട്ടുണ്ട്.
ഭാര്യയെ പോലെ കുട്ടിയെയും ഇയാള്‍ അതിക്രൂരമായാണ് ആക്രമിച്ചിരുന്നത്. ദേശീയപാത വീതി കൂട്ടാന്‍ തന്റെ സ്ഥലം ഏറ്റെടുത്ത വകയില്‍ ലഭിച്ച 16.50 ലക്ഷം രൂപയും ഭര്‍ത്താവ് നശിപ്പിച്ചതായി ഭാര്യ ആരോപിച്ചു. തുടര്‍ന്ന് റോഡരികിലെ മൂന്നര സെന്റ് കൂടി വില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അതിനെ എതിര്‍ത്തതിന്റെ തുടര്‍ച്ചയായിരുന്നു മര്‍ദനം.