അഞ്ചുവര്‍ഷം ബാങ്ക് ഉദ്യോഗസ്ഥയായി 'അഭിനയം'; വിദേശത്തുള്ള ഭര്‍ത്താവിനെയും ബന്ധുക്കളെയും പറ്റിച്ചത് ആസൂത്രിതമായി; സ്വര്‍ണ്ണം ബാങ്കില്‍ വെച്ചാല്‍ ലാഭമെന്ന് പറഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു; ലക്ഷങ്ങളുടെ സ്വര്‍ണ്ണത്തട്ടിപ്പ്; കോതമംഗലത്ത് നിന്നും മുങ്ങിയ യുവതിയെ ഡല്‍ഹിയിലെത്തി പിടികൂടി
അടിമാലി: 'ബാങ്ക് ഉദ്യോഗസ്ഥ' ചമഞ്ഞ് അഞ്ചുവര്‍ഷത്തോളം സ്വന്തം കുടുംബത്തെയും നാട്ടുകാരെയും വിശ്വസിപ്പിച്ച് സ്വര്‍ണ്ണത്തട്ടിപ്പ് നടത്തിയ യുവതി ഒടുവില്‍ പൊലീസ് വലയില്‍. അടിമാലി വിശ്വദീപ്തി സ്‌കൂളിന് സമീപം താമസിക്കുന്ന കൊച്ചനാട്ടില്‍ അനുഷയാണ് (35) ഡല്‍ഹിയിലെ ഒളിത്താവളത്തില്‍ നിന്ന് പിടിയിലായത്. ഒരു സാധാരണ വീട്ടമ്മയില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണ്ണത്തട്ടിപ്പ് നടത്തിയ 'ബാങ്ക് ഉദ്യോഗസ്ഥ'യിലേക്കുള്ള അനുഷയുടെ മാറ്റം ഞെട്ടലോടെയാണ് അടിമാലി നിവാസികള്‍ കേള്‍ക്കുന്നത്.
2019-ലാണ് തട്ടിപ്പിന് തുടക്കം. ഭര്‍ത്താവ് അരുണ്‍ വിദേശത്തേക്ക് ജോലിക്ക് പോയ സമയത്താണ് തനിക്ക് കോതമംഗലത്തെ ഒരു പൊതുമേഖലാ ബാങ്കില്‍ ജോലി ലഭിച്ചെന്ന് അനുഷ എല്ലാവരെയും വിശ്വസിപ്പിച്ചത്. ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷവും അനുഷ ഈ 'ജോലി' തുടര്‍ന്നു. ദിവസവും രാവിലെ കൃത്യസമയത്ത് ബാങ്കിലേക്കെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങുന്ന അനുഷ വൈകുന്നേരം തിരിച്ചെത്തും. പെരുമാറ്റത്തിലടക്കം സ്വാഭാവികമായിരുന്നു.
താനൊരു ബാങ്ക് ഉദ്യോഗസ്ഥയാണെന്ന വിശ്വാസം ഊട്ടിയുറപ്പിച്ച ശേഷം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ടായിരുന്നു നീക്കം. ബാങ്കില്‍ സ്വര്‍ണ്ണം നിക്ഷേപിച്ചാല്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുമെന്ന് ഇവരെ വിശ്വസിപ്പിച്ചു. ഉദ്യോഗസ്ഥയായ അനുഷ വഴി സ്വര്‍ണ്ണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്ന് കരുതിയ പലരും കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ ഇവരെ വിശ്വസിച്ച് ഏല്‍പ്പിച്ചു. അടുത്ത നാളില്‍ ചിലര്‍ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടതോടെ അനുഷ മുങ്ങുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 21-നാണ് നാടകീയമായ വഴിത്തിരിവ് ഉണ്ടായത്. ബാങ്കില്‍ സ്ഥാനക്കയറ്റത്തിനായുള്ള അഭിമുഖമുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനുഷ പിന്നീട് മടങ്ങിയെത്തിയില്ല. 22-ന് വൈകിട്ട് എത്തുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇതോടെ പരിഭ്രാന്തനായ ഭര്‍ത്താവ് കോതമംഗലത്തെ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് അഞ്ചുവര്‍ഷമായി താന്‍ കണ്ടിരുന്ന സ്വപ്നം വെറും തട്ടിപ്പായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. അങ്ങനെയൊരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതോടെ കള്ളിവെളിച്ചത്തായി.
പരാതി ഉയര്‍ന്നതോടെ അനുഷ മുങ്ങുകയായിരുന്നു. അടിമാലി പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് ഇവര്‍ ഡല്‍ഹിയിലെ ഒരു ബന്ധുവീട്ടിലുണ്ടെന്ന വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ അവിടെയെത്തിയ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. എത്രമാത്രം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തു എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അടിമാലിയിലെത്തിക്കുന്ന അനുഷയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും ഇവര്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
