കൊല്ലം പരവൂരിലെ സുനാമി ഫല്‍റ്റില്‍ കഞ്ചാവ് വില്‍പ്പന തടഞ്ഞവരെ കുത്തിവീഴ്ത്തി; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയില്‍; ഇനി പിടിയിലാകാനുള്ളത് രണ്ടു പേര്‍

Update: 2026-02-14 06:17 GMT

കൊല്ലം: പരവൂരില്‍ കഞ്ചാവ് കച്ചവടം നടത്തുന്നത് എതിര്‍ത്തവരെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലംഗ സംഘത്തിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി കലേഷിനെയാണ് ഇന്നലെ മയ്യനാട് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. പുക്കുളം സുനാമി ഫ്ളാറ്റില്‍ ഫെബ്രുവരി 10 നാണ് സംഭവം. രണ്ടാം പ്രതി രാജന്‍ എന്ന സേവ്യറിനെ സംഭവ ദിവസം തന്നെ സുനാമി ഫ്ളാറ്റില്‍ നിന്നും വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ താമസക്കാരനായ ഗിരീഷിന്റെ ഫ്ളാറ്റിന് മുന്നില്‍ കലേഷ് കഞ്ചാവ് വില്‍പ്പന നടത്തുന്നത് തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ കലേഷ് ഗിരീഷിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബന്ധുവായ സുധീഷ് ഇടപെട്ടു. ഈ വിരോധത്തില്‍ കലേഷ് കൂട്ടാളികളായ രാജന്‍ എന്ന സേവ്യര്‍, സജിത്ത്,ഗോപു എന്നിവരുമായി രാത്രി പത്തു മണിയോടെ മാരകായുധങ്ങളുമായി ഫ്ളാറ്റിലെത്തി അസഭ്യം വിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗിരീഷിനെ ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ വയറ്റിലും ഇടതു വാരിയെല്ലിനും താഴെയാണ് കുത്തേറ്റത്. ശേഷം മറ്റു പ്രതികള്‍ കൂടി ചേര്‍ന്നുകൊണ്ട് ഗിരീഷിനെ നിലത്തിട്ട് ചവിട്ടുന്നതും കണ്ട് തടയാനെത്തിയ ഗിരീഷിന്റെ ബന്ധു സുധീഷിനേയും അയല്‍വാസിയായ ഷബീറിനേയും കലേഷ് കുത്തി പരിക്കേല്‍പ്പിച്ചു.

മൂവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഗിരീഷ് അപകട നില തരണം ചെയ്തിട്ടില്ല. ഒന്നാം പ്രതി കലേഷിനെ മയ്യനാട് താന്നിയില്‍ നിന്നുമാണ് പിടികൂടിയത്. പിടിയിലായ കലേഷ് നിരവധി ലഹരി മരുന്നു കേസുകളിലും വധശ്രമ കേസുകളിലും പ്രതിയാണ്. മൂന്നും നാലും പ്രതികളായ സജിത്ത്, ഗോപു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം പ്രതി കലേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News