പഹല്‍ഗാം ഭീകരാക്രമണ കേസിലെ പ്രതി ആദില്‍ ഗോറിയുെട താമസ സ്ഥലം പരിശോധിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ് കിട്ടി; പഹല്‍ഗാം ഭീകരരില്‍ നിന്ന് പണം സ്വീകരിച്ചുണ്ടെന്നും ആരോപിച്ചു; കണ്ണൂര്‍ സ്വദേശിനിയ്ക്ക് പോയത് ഒന്നരകോടി; സൈബര്‍ തട്ടിപ്പുകാര്‍ പറ്റിച്ചത് എണ്‍പതു വയസ്സുകാരിയെ
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തത് തന്ത്രപരമായി. നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന എണ്‍പത് വയസ്സുകാരിയാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ ക്രൂരമായ ചതിക്കിരയായത്. ഒരു മാസത്തിനിടെ പലതവണകളിലായാണ് ഇത്രയും വലിയ തുക ഇവര്‍ക്ക് നഷ്ടമായത്.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഭീകരാക്രമണക്കേസിലെ പ്രതി ആദില്‍ ഗോറിയുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡ് ലഭിച്ചെന്നും, ഭീകരരില്‍ നിന്ന് വയോധിക പണം കൈപ്പറ്റിയെന്നും സംഘം വിശ്വസിപ്പിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ കൈവശമുള്ള പണം പരിശോധനയ്ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) അക്കൗണ്ടിലേക്ക് മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം. ഭയന്നുപോയ വയോധിക, തട്ടിപ്പുകാര്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു നല്‍കുകയായിരുന്നു.
ജനുവരി ആദ്യവാരം തുടങ്ങിയ തട്ടിപ്പ് ഒരു മാസത്തോളം നീണ്ടുനിന്നു. വിവിധ അക്കൗണ്ടുകളിലേക്ക് അടിക്കടി വലിയ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ക്ക് പന്തികേട് തോന്നി. ഒടുവില്‍ 50 ലക്ഷം രൂപ കൂടി ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള നീക്കം ബാങ്ക് തടയുകയും വയോധികയെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു. ബാങ്ക് അധികൃതരുടെ ഈ ഇടപെടലാണ് വയോധികയുടെ ബാക്കി പണം നഷ്ടപ്പെടാതെ സംരക്ഷിച്ചത്.
താന്‍ വലിയൊരു ചതിയില്‍ അകപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടതോടെ വയോധിക കണ്ണൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി. സിബിഐ ഉദ്യോഗസ്ഥരെന്ന നിലയില്‍ വീഡിയോ കോളുകള്‍ ചെയ്താണ് സംഘം വയോധികയെ സമ്മര്‍ദ്ദത്തിലാക്കിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. ബിസിനസ് ഇടപാടുകളുള്ള വ്യക്തിയായതിനാല്‍ വയോധികയുടെ അക്കൗണ്ടില്‍ വലിയ തുകകള്‍ ലഭ്യമായിരുന്നു എന്നത് തട്ടിപ്പുകാര്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
