നെറ്റിയിലടക്കം മൂന്നു സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുകള്‍; കോളേജ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കോഴിക്കോട്: കൊയിലാണ്ടിയില്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കൊയിലാണ്ടി പോയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീ നന്ദയാണ് മരിച്ചത്. മൃതദ്ദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗുരുദേവ കോളേജ് വിദ്യാര്‍ത്ഥിയാണ് ശ്രീ നന്ദ.
ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തില്‍ പെണ്‍കുട്ടിയും കുടുംബവും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ നെറ്റിയിലടക്കം മൂന്നു സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയര്‍ത്തുന്നത്.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണകാരണത്തില്‍ ഒരു വ്യക്തത വരൂവെണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.