സഭയുടെ ആത്മീയ നേതൃത്വത്തെ പരസ്യമായി അപമാനിക്കാനും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണം; നവാഭിഷേകിതനായ മെത്രാനെ മുക്കുപണ്ടം നല്‍കി കബളിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം

Update: 2026-03-05 04:21 GMT

പത്തനംതിട്ട: മല്ലപ്പള്ളി വാലങ്കര സെന്റ് ലൂയിസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നവാഭിഷേകിതനായ മെത്രാനെ മുക്കുപണ്ടം നല്‍കി കബളിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്വിറ്റ്സര്‍ലാന്‍ഡ് പൗരനായ മനോജ് ജോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

സഭയുടെ ആത്മീയ നേതൃത്വത്തെ പരസ്യമായി അപമാനിക്കാനും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഏതാനും മാസം മുമ്പ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിന് തലേദിവസം നടന്ന മധുരം വയ്പ്പ് ചടങ്ങിലെ നിസ്സാരമായ തര്‍ക്കമാണ് മെത്രാനെ വഞ്ചിക്കുന്ന ഗൂഢാലോചനയിലേക്ക് വഴിമാറിയതെന്ന് പരാതിയില്‍ പറയുന്നു.

വികാരിയച്ചനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സഭാദ്ധ്യക്ഷനെ കരുവാക്കുകയായിരുന്നു. മധുരം വയ്പ്പിനിടെ പള്ളിയില്‍ വൈദ്യുതി മുടങ്ങിയതിന് പിന്നില്‍ വികാരിയച്ചനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ച് അന്ന് പള്ളിമേടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. വികാരിയച്ചനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഘത്തില്‍ നിന്നും തലനാരിഴയ്ക്കാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത്.

ഈ പക മനസ്സില്‍ വെച്ചാണ് പള്ളിയിലെത്തിയ നവാഭിഷേകിതനായ മെത്രാന് 4.90 ലക്ഷം രൂപ വിലവരുന്ന തനി തങ്കമെന്ന വ്യാജേന മുക്കുപണ്ടം സമ്മാനിച്ചത്. സഭാ ആസ്തികള്‍ പരിശോധിക്കുന്നതിനിടെയാണ് വഞ്ചന പുറത്തായത്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.

Similar News