ഹോളി ആഘോഷത്തിനിടെ ദേഹത്ത് കളര്‍ വിതറി; നാല് വയസുകാരനായ പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മുത്തശ്ശി; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുക്കണമെന്ന ആവശ്യം
നാഗ്പൂര്‍: ഹോളി ആഘേഷത്തിനിടെ ദേഹത്ത് കളര്‍ വിതറിയതില്‍ ദേഷ്യപ്പെട്ട് മുത്തശ്ശി നാലു വയസ്സുകാരനായ പേരക്കുട്ടിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോളി ആഘോഷിക്കുന്നതിനിടെ കുട്ടി കളര്‍ വെള്ളം മുത്തശ്ശിയുടെ ദേഹത്തൊഴിച്ചതില്‍ അവര്‍ പ്രകോപിതയാവുകയായിരുന്നു. പെട്ടെന്ന് കയ്യിലുണ്ടായിരുന്ന ചൂടുവെള്ളെം മുഴുവനായും കുട്ടിയുടെ ദേഹത്തേക്കൊഴിച്ചു. തിളച്ച വെള്ളം വീണ് കുട്ടിയുടെ ശരീരത്തില്‍ 45 ശതമാനം പൊള്ളലാണ് ഉണ്ടായത്. സമൂഹമാധ്യമഹങ്ങളില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനുള്ള നിരവധി ആഹ്വാനങ്ങളാണ് ഉയരുന്നത്.
ദേശത്ത് തിളച്ച വെള്ളം വീണതിന് പിന്നാലെ നിലവിളിച്ച് ഓടുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ മുത്തശ്ശിക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളില്‍ വീടിന് പുറത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ മുത്തശ്ശിയും മറ്റൊരു സ്ത്രീയും മുതിര്‍ന്ന ഒരു കുട്ടിയും മറ്റ് രണ്ട് പേരെയും കാണാം. വീട്ടില്‍ നിന്നും നിറങ്ങള്‍ ചീറ്റിക്കുന്ന കളിപ്പാട്ടവുമായി എത്തിയ കുട്ടി മുത്തശ്ശിക്ക് നേരെ തന്റെ കളിപ്പാട്ടം നീട്ടുന്നു. മുത്തശ്ശി ഇത് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി നിറങ്ങള്‍ കലര്‍ത്തിയ വെള്ളം മുത്തശ്ശിക്ക് നേരെ ചീറ്റുന്നു. ഇതില്‍ കുപിതയായ മുത്തശ്ശി പെട്ടെന്ന് തന്റെ കൈയിലിരുന്ന ബക്കറ്റിലുണ്ടായിരുന്ന ചൂട് വെള്ളം, എല്ലാവരും കാണ്‍കെ കുട്ടിയുടെ തലവഴി ഒഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
പിന്നാലെ നിലവിളിച്ച് കൊണ്ട് ഓടിയ കുട്ടിയെ വീട്ടിനുള്ളില്‍ നിന്നും ഇറങ്ങിയെത്തിയ ആള്‍ എടുക്കുന്നു. ഇതിനിടെ സ്ത്രീ ബക്കറ്റിലുണ്ടായിരുന്ന തണുത്ത വെള്ളം കുട്ടിയുടെ ദേഹത്ത് ഒഴുക്കുന്നു. പിന്നാലെ മുത്തശ്ശി വന്ന് ബക്കറ്റിലുണ്ടായിരുന്ന ബാക്കി വെള്ളവും കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുന്നതും വീഡിയോയില്‍ കാണാം. ഓം ഹരിഷ് വാംഗെ എന്ന നാല് വയസുകാരനാണ് പൊള്ളലേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ മുത്തശ്ശി സിന്ധു താക്കറെയാണ് കുട്ടിയോട് ഈ ക്രൂരത കാട്ടിയത്. ചൂട് വെള്ളം ദേഹത്ത് വീണതിനെ തുടര്‍ന്ന് അരയ്ക്ക താഴേക്ക് 45 ശതമാനം പൊള്ളലേറ്റെ കുട്ടിയെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ മുത്തശ്ശിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.