ട്രെയിനിങ് സെഷനിടെ വെള്ളത്തിനടിയില്‍വച്ച് അനാവശ്യമായി ശരീരത്തില്‍ തൊട്ടു; ശരീരത്തിന്റെ പല ഭാഗങ്ങളിലും പിടിക്കുന്നതും ദൃശ്യങ്ങളില്‍; സ്‌കൂബാ ഡൈവര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി
കെയ്‌റോ: സ്‌കൂബാ ഡൈവിങിനിടെ പരിശീലകന്‍ വെള്ളത്തിനടിയില്‍വച്ചും ലൈംഗികാതിക്രമം കാട്ടിയെന്ന് യുവതിയുടെ പരാതി. സംഭവത്തിന്റെ വിഡിയോ യുവതി സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചു. തീര്‍ത്തും മോശമായ പ്രവര്‍ത്തിയാണ് പരിശീകന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് സ്‌കൂബാ വിദഗ്ധര്‍ തന്നെ പ്രതികരിക്കുന്നു. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ടോ സ്‌കൂബാ ട്രെയിനിങ് പ്രൊസീജറിന്റെ ഭാഗമായുള്ളതോ ആയിരുന്നില്ല ഇതെന്നും യുവതി പറയുന്നു.
ഈജിപ്ത് സ്വദേശിയായ മെഡീന്‍ എന്ന യുവതിയാണ് സ്‌കൂബാ പരിശീലകനെതിരെ രംഗത്തുവന്നിരിക്കുന്നത്. ട്രെയിനിങ് സെഷനിടെ വെള്ളത്തിനടിയില്‍വച്ച് ഇയാള്‍ അനാവശ്യമായി യുവതിയുടെ ശരീരത്തില്‍ തൊടുന്ന ദൃശ്യങ്ങളും യുവതി പങ്കുവച്ചിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിശീലകന്‍ കൈവയ്ക്കുന്നതും പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒടുവില്‍ ഗത്യന്തരമില്ലാതെ യുവതി പരിശീലകന്റെ കൈ തട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വതന്ത്ര സ്‌കൂബ് ഡൈവിങ് സെന്റര്‍ നടത്തുന്നയാളാണ് ഇദ്ദേഹമെന്നും പേരുള്‍പ്പെടെ വെളിപ്പെടുത്തിയാണ് യുവതി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നമ്മളെ അസ്വസ്ഥരാക്കുന്ന ഒരു പ്രവൃത്തിയും സഹിക്കേണ്ടതില്ലെന്നും വെള്ളത്തിനടിയിലായാലും പ്രതികരിക്കണമെന്നും യുവതി മറ്റ് സോളോ സ്‌കൂബാ യാത്രികരോടായി പറയുന്നു.
ഇയാള്‍ക്കെതിരെ പരാതി നല്‍കണമെന്നും തക്കതായ ശിക്ഷ വാങ്ങി നല്‍കണമെന്നും സോഷ്യല്‍മീഡിയ പ്രതികരിക്കുന്നു. ട്രെയിനിങ് സെഷനുകളില്‍ പരിശീലകന്റെ ഇടപെടല്‍ ആവശ്യമാണെങ്കിലും ദൃശ്യങ്ങളിലുള്ളത് തീര്‍ത്തും അനാവശ്യമായതാണെന്നും സ്‌കൂബാ സംഘത്തില്‍പ്പെട്ടവര്‍ തന്നെ പറയുന്നു.