പ്രണയം തകര്‍ന്നു... കലിപ്പ് വന്ദേഭാരതിനോട്; ട്രെയിനിന് നേരെ കല്ലെറിഞ്ഞ 18-കാരന്‍ പിടിയില്‍; ആലുവയില്‍ ആര്‍പിഎഫ് വലവിരിച്ചത് രണ്ടാഴ്ച; നെടമ്പാശേരിക്ക് സമീപം നടന്ന അക്രമത്തിന് പിന്നിലെ കാരണം കേട്ട് ഞെട്ടി ഉദ്യോഗസ്ഥര്‍
കൊച്ചി: വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ദുരൂഹതയൊഴിയുന്നു. കാമുകിയുമായി പിരിഞ്ഞതിന്റെ നിരാശ തീര്‍ക്കാന്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ 18-കാരനെ ആര്‍പിഎഫ് പിടികൂടി. ആലുവ അകപ്പറമ്പ് സ്വദേശിയായ യുവാവാണ് രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ വലയിലായത്. പ്രണയബന്ധം തകര്‍ന്ന വിഷമത്തില്‍ ട്രാക്കിന് സമീപം ഇരിക്കുമ്പോഴുണ്ടായ പ്രകോപനമാണ് കല്ലേറില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി.
മാര്‍ച്ച് ഏഴിന് രാത്രി 7.10-ഓടെ ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ നെടമ്പാശേരി വിമാനത്താവളത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് കടന്നുപോകുമ്പോള്‍ മൂന്ന് തവണയാണ് യുവാവ് കല്ലെറിഞ്ഞത്. ഇതില്‍ ഒരു കല്ല് സി-9 കോച്ചിന്റെ ജനാലയില്‍ പതിക്കുകയും ലാമിനേറ്റഡ് ചില്ലിന് പോറലേല്‍ക്കുകയും ചെയ്തു. കാമുകിയുമായി തെറ്റിപ്പിരിഞ്ഞ സങ്കടത്തില്‍ ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് വന്ദേഭാരത് വരുന്നത് കണ്ടതെന്നും ആ ദേഷ്യത്തില്‍ കല്ലെടുത്ത് എറിയുകയായിരുന്നു എന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.
ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളില്‍ കല്ലെറിയുന്ന രൂപം പതിഞ്ഞെങ്കിലും ആളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നടത്തിയ ശാസ്ത്രീയ നീക്കമാണ് പ്രതിയെ കുടുക്കിയത്. റെയില്‍വേ ട്രാക്കിന് സമീപം സ്ഥിരമായി വരാറുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ നിരീക്ഷണത്തിനൊടുവില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
രണ്ടാഴ്ചയായി ഉദ്യോഗസ്ഥര്‍ പ്രതിക്കായി വലവിരിച്ചിരിക്കുകയായിരുന്നു. റെയില്‍വേ സ്വത്ത് നശിപ്പിച്ചതിനും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനും യുവാവിനെതിരെ കര്‍ശന നടപടിയുണ്ടാകും.