തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ വേണ്ടി? സഹായം ഒരുക്കിയവര്‍ക്കായി വലവിരിച്ചു എന്‍ഐഎ; റാണയുടെ നിര്‍ദ്ദേശപ്രകാരം ഹെഡ്‌ലിയെ ഇന്ത്യയില്‍ സ്വീകരിച്ച ഒരാളെ കസ്റ്റഡിയിലെടുത്തു; റാണക്കൊപ്പം ഇരുത്തി വിശദമായി ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലെത്തിച്ചു; എഫ്.ബി.ഐ റെക്കോഡ് ചെയ്ത ഫോണ്‍ കോളുകള്‍ എന്‍ഐഎക്ക് കൈമാറി
തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ വേണ്ടി
ന്യൂഡല്‍ഹി: തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് വിശദമായ അന്വേഷണതതിന് എന്‍ഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന. ഇവിടെ വെച്ച് ആരെയൊക്കെ കണ്ടുവെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇതോടെ കൊച്ചിയില്‍ വെച്ച് റാണയെ കണ്ടവര്‍ അടക്കം കടുത്ത സമ്മര്‍ദ്ദത്തിലാണ്. 2008ലാണ് റാണ കൊച്ചിയില്‍ എത്തിയത്.
ഇതിനിടെ, റാണയെയും ഹെഡ്‌ലിലേയും ഇന്ത്യയില്‍ സഹായിച്ച ഒരാള്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെഡ്‌ലിയെ ഇന്ത്യയില്‍ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയത്. റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡല്‍ഹിയില്‍ എത്തിച്ചു. ചോദ്യം ചെയ്യലില്‍ എത്ര വിവരങ്ങള്‍ ലഭ്യമാകുമെന്നതിന് ആശ്രയിച്ചാകും തുടരന്വേഷണം മുന്നോട്ടുപോകുക.
അതേസമയം, എഫ് ബി ഐ റെക്കോഡ് ചെയ്ത ഫോണ്‍ കോളുകള്‍ എന്‍ഐഎക്ക് കൈമാറി. അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളില്‍ ഇത് നിര്‍ണ്ണായ ചുവടെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ കസ്റ്റഡിയില്‍ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂര്‍ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം.ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നല്‍കുന്നില്ല. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്.
അതേസമയം മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്ക് ഇന്ത്യന്‍ വിസ ലഭിക്കാന്‍ സഹായം നല്‍കിയത് പ്രതിയായ തഹാവുര്‍ ഹുസൈന്‍ റാണയാണെന്ന വിവരം അടക്കം പുറത്തുവന്നു. കാനഡയിലേക്ക് കുടിയേറും മുമ്പ് റാണ പാകിസ്താന്‍ സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുടങ്ങിയ ഇയാള്‍ പിന്നീട് യു.എസില്‍ താമസമാക്കി. ഷികാഗോയില്‍ ഓഫിസും തുറന്നു. 2008 നവംബറിലെ മുംബൈ ആക്രമണത്തിനുമുമ്പ് രഹസ്യ ദൗത്യവുമായി ഹെഡ്‌ലിക്ക് ഇന്ത്യയിലേക്ക് എത്താന്‍ സൗകര്യം ഒരുക്കിയത് റാണയുടെ സ്ഥാപനം വഴിയാണ്. പത്ത് വര്‍ഷത്തെ വിസ കാലാവധി നീട്ടാനും സഹായം നല്‍കി.
ഇന്ത്യയിലെ താമസത്തിനിടെ ഹെഡ്‌ലി ഇമിഗ്രേഷന്‍ ബിസിനസിന്റെ മറവില്‍ റാണയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കാലത്ത് 230 ഓളം ഫോണ്‍കോളുകളാണ് ഇരുവരും നടത്തിയത്. ആക്രമണ ഗൂഢാലോചനയില്‍ പങ്കുള്ള 'മേജര്‍ ഇഖ്ബാല്‍' എന്നയാളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും എന്‍.ഐ.എ കുറ്റപത്രത്തിലുണ്ട്. ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് റാണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
പവായിലെ ഹോട്ടലിലായിരുന്നു താമസം. ദക്ഷിണ മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ച് റാണ അന്വേഷിച്ചിരുന്നതായി സാക്ഷിമൊഴിയുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. പാകിസ്താന്‍ ഭീകരര്‍ ഈ സ്ഥലങ്ങളാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത്. താജ്മഹല്‍, ഒബ്‌റോയ് ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ, ചബാദ് ഹൗസ്, ഛത്രപതി ശിവാജി ടെര്‍മിനസ് ട്രെയിന്‍ സ്റ്റേഷന്‍ എന്നിവയുള്‍പ്പെടെ മുംബൈയിലെ സ്ഥലങ്ങള്‍ ഭീകരര്‍ ലക്ഷ്യമിട്ടു. ഇവ ഓരോന്നും ഹെഡ്ലി മുന്‍കൂട്ടി പരിശോധിച്ചിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
ഒരു ചെറിയ റോള്‍ മാത്രമായിരുന്നു റാണക്ക് നിര്‍വഹിക്കാനുണ്ടായിരുന്നതെന്നും ഇന്ത്യയിലേക്കുള്ള ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വരവിന് നിയമ പരിരക്ഷ നല്‍കുകയായിരുന്നു അതെന്നുമാണ് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞത്. അമേരിക്കക്കും പാക് ചാര സംഘടനയായ ഐ.എസ്.ഐക്കും ലശ്കറെ ത്വയ്യിബക്കുമൊപ്പം പ്രവര്‍ത്തിച്ച ഇരട്ട ഏജന്റായിരുന്ന ഹെഡ്ലിയെ സംരക്ഷിക്കുന്നതിന് അമേരിക്കയെ പിള്ള വിമര്‍ശിച്ചിരുന്നു. ഹെഡ്‌ലിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിട്ടും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ അനുവദിച്ചതില്‍ ദുരുദ്ദേശ്യം ഉണ്ടെന്നും ജി.കെ. പിള്ള കുറ്റപ്പെടുത്തി. അമേരിക്ക പുറത്തു പറയുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഹെഡ്ലിയെക്കുറിച്ച് അവര്‍ക്ക് അറിയാമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ സമയത്ത് ജി.കെ. പിള്ള പറഞ്ഞിരുന്നു.
യു.എസ് ഭരണസംവിധാനത്തിന്റെയും ഏജന്‍സികളുടെയും പിന്തുണയുള്ള ഡേവിഡ് ഹെഡ്‌ലി കുറഞ്ഞ സുരക്ഷയുള്ള തടവറയില്‍ ആശ്വാസ ജീവിതം നയിക്കുകയാണെന്നാണ് മുന്‍ ഐ.പി.എസ് ഓഫിസര്‍ യശോവര്‍ധന്‍ ഝാ ആസാദ് പറഞ്ഞത്. ഇന്ത്യയിലെ ഭീകരാക്രമണവുമായും ഡെന്മാര്‍ക്കിലെ ഭീകരാക്രമണശ്രമവുമായും ബന്ധപ്പെട്ട് ഇന്ത്യയിലേക്കും പാകിസ്താനിലേക്കും ഡെന്‍മാര്‍ക്കിലേക്കും കൈമാറുന്നത് തടയുന്നതാണ് യു.എസ് അധികൃതരുമായി ഹെഡ്ലിയുണ്ടാക്കിയ കരാര്‍. യു.എസിന്റെ കൂടി രഹസ്യാന്വേഷണ ഏജന്റായി പ്രവര്‍ത്തിച്ച വ്യക്തിയെ കൈവിടുന്നത് പല രഹസ്യ വിവരങ്ങളും പുറത്താകുന്നതിന് വഴിയൊരുക്കും.
2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ അറസ്റ്റിലായ തഹാവുര്‍ റാണ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് സംശയിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയെ അറിയിച്ചു. ഗൂഢാലോചനയുടെ മുഴുവന്‍ വ്യാപ്തിയും പുറത്തുകൊണ്ടുവരാന്‍ റാണയെ കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു. 17 വര്‍ഷം മുമ്പ് നടന്ന സംഭവങ്ങള്‍ വീണ്ടും അന്വേഷിക്കാന്‍ റാണയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. മറ്റേതെങ്കിലും നഗരം ലക്ഷ്യമിട്ട് സമാനമായ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു.
തുടര്‍ന്ന് റാണയെ 18 ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഓരോ 24 മണിക്കൂറിലും റാണയെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കേള്‍ക്കാവുന്ന ദൂരത്തില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താനാണ് അനുമതി. പേന ഉപയോഗിക്കാനും റാണക്ക് അനുമതി നല്‍കി. പ്രതിയെ ഹാജരാക്കവേ എന്‍.ഐ.എ ഡി.ഐ.ജിമാര്‍, ഐ.ജി, ഡല്‍ഹി പൊലീസിലെ അഞ്ച് ഡി.സി.പിമാര്‍ എന്നിവര്‍ കോടതി പരിസരത്ത് ഉണ്ടായിരുന്നു. 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരെ ധീരമായി നേരിട്ട മുംബൈയുടെ ഹീറോ എന്‍.ഐ.എ തലപ്പത്തിരിക്കുമ്പോഴാണ് പ്രതി തഹാവുര്‍ റാണയുടെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. എന്‍.ഐ.എയുടെ ഡയറക്ടറായ സദാനന്ദ് വസന്ത് ദാത്തെക്ക് അന്ന് ഭീകരരുമായുള്ള പോരാട്ടത്തിലാണ് പരിക്കേറ്റത്. ആക്രമണം നടന്ന 2008 നവംബറില്‍ മുംബൈയില്‍ അഡീഷനല്‍ കമീഷണറായിരുന്നു അദ്ദേഹം. പരിക്കേറ്റിട്ടും ഭീകരരായ അജ്മല്‍ കസബിനോടും അബു ഇസ്മായിലിനോടും ധീരമായ പോരാട്ടമാണ് ദാത്തെ നടത്തിയത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് എന്‍.ഐ.എയുടെ ഡയറക്ടര്‍ ജനറലായി നിയമിച്ചത്. 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2007ല്‍ ധീരതക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിച്ചുണ്ട്.