വിവാഹ സൽക്കാരത്തിനിടെ ഭക്ഷണ കൗണ്ടറിലെത്തിയ രണ്ട് പേർ കണ്ടത് 'ബീഫ് കറി' എന്നെഴുതിയ സ്റ്റിക്കർ; പിന്നാലെയുണ്ടായ വാക്കുതർക്കം കലാശിച്ചത് സംഘർഷത്തിൽ; മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു; നടപടി ആവശ്യപ്പെട്ട് ബി.ജെ.പി
ലഖ്‌നോ: ഉത്തർപ്രദേശിലെ അലിഗഢിൽ വിവാഹ സൽക്കാരത്തിനിടെ ഭക്ഷണ കൗണ്ടറിൽ 'ബീഫ് കറി' എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കറിനെച്ചൊല്ലി വലിയ സംഘർഷം. ഞായറാഴ്ച രാത്രി സിവിൽ ലൈൻസ് ഏരിയയിലെ ഒരു വിവാഹ ചടങ്ങിലാണ് സംഭവം നടന്നത്. മതവികാരം മനഃപൂർവം വ്രണപ്പെടുത്തിയെന്നാരോപിച്ച് കാറ്ററിങ് നടത്തുന്നയാൾക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും, തർക്കത്തിനിടയാക്കിയ ഭക്ഷണ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
വിവാഹത്തിൽ പങ്കെടുത്ത ആകാശ്, ഗൗരവ് കുമാർ എന്ന രണ്ടുപേരാണ് സ്റ്റിക്കർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രശ്നമുണ്ടാക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുകയും ചെയ്തത്. ഇതോടെ അവിടെയുണ്ടായിരുന്ന മറ്റുള്ളവരുമായി വാക്കേറ്റമുണ്ടായി സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പൊലീസ്, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ (എഫ്.ഡി.എ) വിളിച്ച് വരുത്തി തർക്കവിഷയമായ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു.
ഗൗരവ് കുമാറിന്റെ രേഖാമൂലമുള്ള പരാതിയെത്തുടർന്ന്, കാറ്ററിങ് ജീവനക്കാരനെയും മറ്റ് രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി വൈകി ഇവരെ വിട്ടയച്ചു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച് മാംസത്തിന്റെ സ്വഭാവം സ്ഥിരീകരിച്ചതിനുശേഷം മാത്രമേ കേസെടുക്കുകയുള്ളൂ എന്നും അതുവരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സർക്കിൾ ഓഫീസർ സർവം സിങ് വ്യക്തമാക്കി.
പോത്തിറച്ചി, പശു മാംസം എന്നിവക്ക് പകരമായി 'ബീഫ്' എന്ന പദം ഉപയോഗിക്കുന്നത് മേഖലയിൽ പലപ്പോഴും ആശയക്കുഴപ്പങ്ങൾക്കും അതുവഴി സംഘർഷങ്ങൾക്കും ഇടയാക്കാറുണ്ടെന്നും പൊലീസ് വിശദീകരിച്ചു. നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. എന്നാൽ, ബി.എസ്.പി നേതാവ് സൽമാൻ ഷാഹിദ് ബി.ജെ.പി പ്രവർത്തകർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്ന് കുറ്റപ്പെടുത്തി.