വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ കാണാൻ വനിതാ ഹോസ്റ്റലിലെത്തി; വാക്കുതർക്കത്തിനിടെ അരിവാൾ കൊണ്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; കൊലപാതകം 'വഞ്ചനക്കുള്ള പ്രതിഫലം മരണ'മെന്ന് കുറിച്ച് 'ബാലമുരുകൻ'
കോയമ്പത്തൂർ: വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തിരുനെൽവേലി സ്വദേശിനിയായ ശ്രീപ്രിയ (30) ആണ് കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിൽ വെച്ച് കൊല്ലപ്പെട്ടത്. ഭർത്താവ് ബാലമുരുകനാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ. ശ്രീപ്രിയയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 'വഞ്ചനക്കുള്ള പ്രതിഫലം മരണം' എന്ന അടിക്കുറിപ്പോടെയാണ് പ്രതി ഈ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയോടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ശ്രീപ്രിയ താമസിച്ചിരുന്ന വനിതാ ഹോസ്റ്റലിലേക്ക് ബാലമുരുകൻ എത്തുകയായിരുന്നു. ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും, തുടർന്ന് ബാലമുരുകൻ വസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന മൂർച്ചയേറിയ അരിവാൾ ഉപയോഗിച്ച് ശ്രീപ്രിയയെ തുടരെ വെട്ടിക്കൊല്ലുകയുമായിരുന്നു. ഈ ആക്രമണം കണ്ട് ഭയന്ന് ഹോസ്റ്റൽ അന്തേവാസികൾ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു. എന്നാൽ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാതെ ബാലമുരുകൻ പൊലീസ് വരുന്നതുവരെ മൃതദേഹത്തിനടുത്ത് ശാന്തനായി ഇരിക്കുകയും, കൊലപാതകത്തിന് ശേഷം ഈ സെൽഫി എടുത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തു.
ശ്രീപ്രിയക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് താൻ സംശയിച്ചിരുന്നെന്നും, തന്നെ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നും ബാലമുരുകൻ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം എന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സ്ഥിരീകരിച്ചു. ഇവർക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉൾപ്പെടെ മൂന്ന് മക്കളുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.