ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടി; ചെറിയ തുകയുടെ ലാഭവിഹിതം നല്‍കി വിശ്വാസ്യത പിടിച്ചുപറ്റി; അങ്കമാലി സ്വദേശിയില്‍ നിന്ന് തട്ടിയത് 56.50 ലക്ഷം രൂപ; ദുബായില്‍ താമസമാക്കിയ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടി

Update: 2024-12-15 12:12 GMT

അങ്കമാലി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. ദുബായില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാര്‍ത്തിക് നീലകാന്ത് ജാനിയെയാണ് (49) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു ഇയാള്‍. നിരവധി പേര്‍ ഇയാളുടെ കബളിപ്പിക്കലിന് ഇരയായതായി സൂചനയുണ്ട്.

അങ്കമാലി കറുകുറ്റി സ്വദേശിയില്‍ നിന്ന് 56.50 ലക്ഷം രൂപ തട്ടിയ കേസിലാണ് പ്രതി അറസ്റ്റിലായത്. നിക്ഷേപത്തിന് ഒണ്‍ലൈന്‍ ഷയര്‍ ട്രേഡിംഗിലൂടെ വന്‍ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തിരുന്നത്. വാട്‌സ് ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു. ഓരോ ലെവല്‍ കഴിയുമ്പോള്‍ നിക്ഷേപവും ലാഭവും വര്‍ധിക്കുമെന്നായിരുന്നു ഓഫര്‍. തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചു.

അതിന് കൃത്യമായി ലാഭവിഹിതവും നല്‍കി. പല അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ലാഭമെന്ന പേരില്‍ പണം നല്‍കിയിരുന്നത്. ഇതു പോലെ തട്ടിപ്പിനിരയാകുന്നവര്‍ നിക്ഷേപിക്കുന്ന തുകയായിരുന്നു അത്. നിക്ഷേപകന്റെ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ ഇതു വഴി തട്ടിപ്പു സംഘത്തിന് സാധിച്ചിരുന്നു.

അപ്രകാരം കറുകുറ്റി സ്വദേശിയും കൂടുതല്‍ തുക നിക്ഷേപിച്ചു. നിക്ഷേപ തുകയും, കോടികളുടെ ലാഭവും ആപ്പിലെ ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്നു. അത് പിന്‍വലിക്കാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. നിക്ഷേപവും, ലാഭവും പിന്‍വലിക്കുന്നതിന് ലക്ഷങ്ങളാണ് സംഘം ആവശ്യപ്പെട്ടത്. അപ്പോഴാണ് തട്ടിപ്പുമനസിലായത്.തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായത്.

സമാന കുറ്റകൃത്യത്തിന് ഇയാള്‍ക്കെതിരെ മുംബെയില്‍ നാല് കേസുകളുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍.വി അരുണ്‍കുമാര്‍, എസ്.ഐ കെ.എ വില്‍സന്‍, സീനിയര്‍ സി.പി.ഒ എം.ആര്‍ മിഥുന്‍, സി.പി.ഒ മുഹമ്മദ് ഷെറീഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒണ്‍ലൈന്‍ ട്രേഡിങ്, ഷെയര്‍ ട്രേഡിങ് എന്നിവയിലൂടെ നിരവധി പേര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കു ന്നത്. ഇത്തരം തട്ടിപ്പ് ആപ്പുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

Similar News