ഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് പത്ത് ലക്ഷം രൂപയ്ക്ക് വരെ വില്‍ക്കും; ഷിംല റൂറല്‍ എന്ന ആര്‍ടിഒയ്ക്ക് കീഴില്‍ രജിസ്‌ട്രേഷന്‍; ഓപ്പറേഷന്‍ നുംഖോറില്‍ 30 ഇടങ്ങളിലെ റെയ്ഡില്‍ കണ്ടെത്തിയത് 198 ആഡംബര വാഹനങ്ങള്‍; നടന്‍ അമിത് ചക്കാലയ്ക്കലിന്റെ രണ്ടുലാന്‍ഡ് ക്രൂസര്‍ കാറുകള്‍ പിടിച്ചെടുത്തു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ്
ഓപ്പറേഷന്‍ നുംഖാറില്‍ 30 ഇടങ്ങളിലെ റെയ്ഡില്‍ കണ്ടെത്തിയത് 198 ആഡംബര വാഹനങ്ങള്‍
കൊച്ചി: ഭൂട്ടാന്‍ വഴിയുള്ള വാഹനക്കടത്ത് കേസില്‍ 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തതായി കസ്റ്റംസ് കണ്ടെത്തി. ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി 30 ഇടങ്ങളിലെ റെയ്ഡില്‍ ഇതുവരെ 20ഓളം വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിലേക്ക് മാറ്റും. എല്ലാ വാഹനങ്ങളുടെയും രേഖകള്‍ പരിശോധിക്കും.
ഭൂട്ടാനില്‍ നിന്നുള്ള വാഹന ഇറക്കുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും അനധികൃതമായി വാഹനങ്ങള്‍ വാങ്ങിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. നാഷണല്‍ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയും വാങ്ങിയ വാഹനങ്ങള്‍ നിലവില്‍ ബംഗളൂരുവിലാണ്. നടന്‍ അമിത് ചക്കാലക്കലിന്റെ രണ്ട് ലാന്‍ഡ് ക്രൂസര്‍ കാറുകള്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. മധ്യപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് ഇവ. കേസിന്റെ ഭാഗമായി കസ്റ്റംസ് നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് നടപടി.
അമിത് ചക്കാലയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് അറിയിച്ചു. സമന്‍സ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ, പരിശോധന നടക്കുന്നതിനിടെ കസ്റ്റംസ് അധികൃതര്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി. താരത്തിന് നിയമോപദേശം നല്‍കാനെത്തിയ അഭിഭാഷകരെ പോലീസ് തടഞ്ഞു. നിലവില്‍ താരത്തിന് നിയമോപദേശം നല്‍കാന്‍ അഭിഭാഷകരെ അനുവദിക്കാനാവില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംസ്ഥാനത്തുടനീളം നടക്കുന്ന വാഹനക്കടത്ത് പരിശോധനയില്‍ നേരത്തെ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നടന്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടന്നു. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള മറ്റ് സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകളിലും പരിശോധന നടന്നുവരുന്നുണ്ട്. സംസ്ഥാനത്തെ ആഡംബര കാറുകളുടെ ഷോറൂമുകളിലും ഇടനിലക്കാരുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് 11 വാഹനങ്ങള്‍ ഇതിനോടകം കസ്റ്റംസ് കണ്ടെത്തി. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ, കുറ്റിപ്പുറം, മൂര്‍ക്കനാട് എന്നിവിടങ്ങളിലും പരിശോധനകള്‍ പുരോഗമിക്കുന്നു.
ഇറക്കുമതി തീരുവ വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് പത്ത് ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇടനിലക്കാര്‍ വിറ്റഴിച്ചിരുന്നത്. ഷിംല റൂറല്‍ എന്ന ആര്‍ടിഒയ്ക്ക് കീഴിലാണ് ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും കണ്ടെത്തി. മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ വില കാണിച്ചാണ് ഇവ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നത്. ഇന്ത്യന്‍ വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ വില്‍പന നടത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി
കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിധേയരാകുന്നുണ്ട്. വാഹനങ്ങളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ളവ വിശദമായി പരിശോധിച്ചു വരികയാണ്. ഭൂട്ടാനില്‍ നിന്നുള്ള വാഹന ഇറക്കുമതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ കൊച്ചിയില്‍ ഇന്ന് വൈകിട്ട് 6.30ന് കസ്റ്റംസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. അനധികൃത ഇറക്കുമതി തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായാണ് കസ്റ്റംസ് റെയ്ഡ് നടക്കുന്നത്