പതിവായി മദ്യപിച്ചെത്തി മര്‍ദ്ദിച്ചിരുന്നു; കുട്ടിയെ പരിഗണിക്കുന്നില്ലെന്ന് കാര്യത്തില്‍ പലപ്പോഴും തര്‍ക്കം; പാലക്കാട് പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍; ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്

Update: 2025-09-17 05:15 GMT

പാലക്കാട്: പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് മാട്ടുമന്ത ചോളോട് സ്വദേശി മീര (29) മരിച്ച കേസിലാണ് പൂച്ചിറ സ്വദേശി അനൂപിനെ ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ പത്താം തീയതിയിലാണ് ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ മീരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിവായി മദ്യപിച്ചെത്തി മീരയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നത് അന്വേഷണത്തില്‍ വ്യക്തമായി. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും രണ്ടാം വിവാഹം നടന്നത്.

മരണത്തിന് മുന്‍പ് ഭര്‍ത്താവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മീര സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അതേ രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയി. പിന്നാലെയാണ് യുവതിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ആദ്യ വിവാഹത്തില്‍ മീരയ്ക്ക് ഒരു കുട്ടിയുണ്ടായിരുന്നു. ഈ കുട്ടിയെ അനൂപ് പരിഗണിക്കുന്നില്ലെന്ന കാര്യം മീരയെ വേദനിപ്പിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഇതേ വിഷയത്തില്‍ ദമ്പതികള്‍ തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നതായും വീട്ടുകാര്‍ പൊലീസിനോട് മൊഴി നല്‍കി.

നിരന്തരമായ മര്‍ദ്ദനവും മാനസിക പീഡനവുമാണ് മീരയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ് പൊലീസ്.

Tags:    

Similar News