ഹൈകോടതിയില്‍ നേരിട്ടെത്തിയ രാഹുലും യുവതിയും ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം അറിയിച്ചു; എല്ലാം നല്ലതിനെന്ന ബോധ്യത്തില്‍ പഴയ കേസ് പിന്‍വലിച്ച ജസ്റ്റീസ്; രാഹുല്‍ 'സൈക്കോ' ഭര്‍ത്താവ്; ജര്‍മ്മനിയിലേക്ക് കടന്നാല്‍ ഇനി ആ ക്രൂരനെ കിട്ടില്ല; യുവതി പരാതിയില്ലെന്ന് പറഞ്ഞാലും കേസെടുക്കാന്‍ പോലീസ് ബാധ്യസ്ഥര്‍; പന്തീരാങ്കാവില്‍ വീണ്ടും ട്വിസ്റ്റ്
കോഴിക്കോട് : പരാതിയില്ലെന്ന് പറഞ്ഞാലും ക്രിമിനല്‍ കുറ്റം നടന്നാല്‍ അത് പരിശോധിക്കേണ്ടത് പോലീസിന്റെ ബാധ്യത. ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച കേസില്‍ ഈ ക്രൂരന്‍ ഒളിവില്‍ പോയി. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ മുങ്ങി. അതിക്രൂരമായി ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു പ്രതി. സമാനതകളില്ലാത്ത സംഭവമാണ് ഇത്. മുമ്പ് ഈ പെണ്‍കുട്ടിയുടെ കാരുണ്യത്തില്‍ കേസൊഴിവാക്കി രക്ഷപ്പെട്ടതാണ് പ്രതി.
രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലന്‍സില്‍വെച്ചും മര്‍ദിച്ചെന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് ആശുപത്രിയില്‍ യുവതി നല്‍കിയ മൊഴി. എന്നാല്‍, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പോലീസിന് ഇവര്‍ എഴുതി നല്‍കി. എന്നാല്‍ ക്രിമിനല്‍ കുറ്റ സംഭവിച്ചുവെന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ ഡോക്ടര്‍മാരുടെ മൊഴിയില്‍ കേസെടുക്കാം. രാഹുലിനെ പിടിക്കുകയും ചെയ്യാം. എന്നാല്‍ ചില ബന്ധങ്ങള്‍ രാഹുലിനുണ്ട്. രാഹുല്‍ വിദേശത്തേക്ക് വീണ്ടും കടക്കാനും സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ അതിവേഗ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കേണ്ടതുമാണ്. അതിനിടെ പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ പോലീസ് സഹായിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പരിക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ കോഴിക്കോട്ടെത്തി.
ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കിയത് രണ്ടു മാസം മുമ്പാണ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയും ഭര്‍ത്താവുമായ രാഹുല്‍ പി. ഗോപാലും, ആദ്യം പരാതി നല്‍കിയിരുന്ന ഭാര്യയും നല്‍കിയ ഹരജിയിലായിരുന്നു ഹൈകോടതി ഉത്തരവ്. മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ യുവതിയെ ക്രൂരമായി മര്‍ദിക്കപ്പെട്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ കോഴിക്കോട് സ്വദേശിയായ ഭര്‍ത്താവ് രാഹുലിനെതിരെ പരാതി നല്‍കുകയും, പൊലീസ് ഗാര്‍ഹിക പീഡനവും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. വാര്‍ത്ത പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെ വധശ്രമക്കേസും ചുമത്തി. എന്നാല്‍, രാഹുല്‍ ജര്‍മനിയിലേക്ക് രക്ഷപ്പെട്ടു. ഇതിനിടയിലാണ് ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ കേസ് നല്‍കിയതാണെന്നും പറഞ്ഞ് യുവതി രംഗത്തുവന്നത്.
ഇതോടെ രാഹുല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും തങ്ങള്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കം സംസാരിച്ചു തീര്‍ത്തു എന്നും രാഹുല്‍ വ്യക്തമാക്കി. ഇത് ശരിവെച്ച് യുവതി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ, യുവതിയെ കാണാതായെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഡല്‍ഹിയിലുണ്ടെന്ന് വിവരമറിയുകയും പിന്നീട് വിമാനത്താവളത്തില്‍ വെച്ച് യുവതിയെ പൊലീസ് കണ്ടെത്തുകയും ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചു. ഹൈകോടതിയില്‍ നേരിട്ടെത്തിയ രാഹുലും യുവതിയും ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം അറിയിച്ചു. കോടതി നിര്‍ദേശ പ്രകാരം ദമ്പതികള്‍ക്ക് കൗണ്‍സലിങ്ങും നല്‍കി. ഇതോടെ ജസ്റ്റിസ് എ. ബദറുദീന്‍ കേസ് റദ്ദാക്കുകയായിരുന്നു. ഈ കേസിനാണ് വീണ്ടും പുതു ജീവന്‍ വയ്ക്കുന്നത്.
ട്വിസ്റ്റുകള്‍ നിറഞ്ഞ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ മുഖ്യപ്രതി രാഹുല്‍ പി. ഗോപാല്‍ വീണ്ടും രാജ്യം വിടാന്‍ സാധ്യത ഏറെയാണ്. നേരത്തെ കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രാഹുല്‍ പി. ഗോപാല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുണ്ടായിരുന്നത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമായിരുന്നു. വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ഭര്‍ത്താവായ രാഹുലിനെതിരേ ആദ്യം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. രാഹുല്‍ കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.
'അടുക്കള കാണല്‍' ചടങ്ങിന് പോയസമയത്താണ് മര്‍ദനമേറ്റ വിവരമറിഞ്ഞതെന്നും തുടര്‍ന്നാണ് പോലീസിനെ സമീപിച്ചതെന്നും യുവതിയുടെ വീട്ടുകാരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, സംഭവം നടന്ന് ഒരുമാസം തികയും മുന്‍പേ പരാതിക്കാരി താന്‍ നേരത്തെ ഉന്നയിച്ച പരാതിയില്‍നിന്ന് പിന്മാറി. നേരത്തെ പറഞ്ഞതെല്ലാം കള്ളമാണെന്നും പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും യുവതി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്നതടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. രാഹുലിനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കേസ് ഒഴിവാക്കണമെന്നും യുവതി പറഞ്ഞിരുന്നു. ഈ കേസുള്‍പ്പെടെ തുടരന്വേഷിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് നവംബറിലെ പീഡനം.