ലാന്‍ഡ്‌ചെയ്ത് യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെ പത്തോളം പോലീസ് ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിലേക്ക്; പൈലറ്റിനെ കൈവിലങ്ങണിയിച്ച് പുറത്ത് കൊണ്ട് വരുന്നത് കണ്ട് അമ്പരന്ന് യാത്രക്കാർ; ലൈംഗികാതിക്രമക്കേസ് പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാത്ത പഴുതടച്ചുള്ള നീക്കം; ഇന്ത്യന്‍ വംശജനായ പൈലറ്റിനെ കോക്ക്പിറ്റില്‍ കയറി പിടികൂടി പോലീസ്
വാഷിങ്ടണ്‍: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ പൈലറ്റിനെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റായ ഇന്ത്യന്‍ വംശജന്‍ റസ്റ്റം ഭാഗ് വാഗറി(34)നെയാണ് സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്‌ചെയ്തത്. വിമാനം ലാന്‍ഡ്‌ചെയ്ത് 10 മിനിറ്റിനുള്ളില്‍ കോക്ക്പിറ്റില്‍ കയറിയാണ് അധികൃതര്‍ പൈലറ്റിനെ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള ഒരവസരവും സൃഷ്ടിക്കാതെയായിരുന്നു പോലീസിന്റെ നീക്കം. സഹ പൈലറ്റിന് പോലും പോലീസ് നടപടികളെ കുറിച്ച് അറിവില്ലായിരുന്നു.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മിനിയാപോളിസില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 757-300 വിമാനത്തിലെ പൈലറ്റായിരുന്നു റസ്റ്റം. വിമാനം ലാന്‍ഡ്‌ചെയ്ത് യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെയാണ് കോണ്‍ട്ര കോസ്റ്റ കൗണ്ടി ഷെറീഫ് ഉദ്യോഗസ്ഥരും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഏജന്റുമാരും വിമാനത്തിനുള്ളിലേക്ക് കയറിയത്. തോക്കുകളുമായെത്തിയ ഏജന്റുമാര്‍ പിന്നാലെ കോക്ക്പിറ്റിലേക്ക് കടന്നെന്നും തുടര്‍ന്ന് കൈവിലങ്ങ് വെച്ചാണ് പ്രതിയായ പൈലറ്റുമായി തിരിച്ചിറങ്ങിയതെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞു.
സഹ പൈലറ്റിനും അറസ്റ്റിനെ പറ്റി അറിവില്ലായിരുന്നു. അറസ്റ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇയാൾ റസ്റ്റത്തിന് നൽകുമെന്ന സംശയത്തെ തുടർന്നായിരുന്നു പോലീസിന്റെ രഹസ്യ നീക്കം. പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2025 ഏപ്രിലിലാണ് പോലീസ് റസ്റ്റത്തിനെതിരേ അന്വേഷണം ആരംഭിച്ചത്. കുട്ടിയെ അഞ്ചുതവണയോളം പ്രതി ലൈംഗികമായി ഉപദ്രവിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് പ്രതിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അറസ്റ്റിന് പിന്നാലെ പ്രതിയെ മാര്‍ട്ടിനസിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. അറസ്റ്റിലായ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തതായി ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും അന്വേഷണ ഏജന്‍സികളുമായി പൂര്‍ണമായും സഹകരിക്കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.