ഫോറന്‍സിക് ഡോ ലിസാ ജോണിന്റെ നിഗമനങ്ങള്‍ ഗൗരവത്തില്‍ എടുത്തു; മുതിര്‍ന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തിലെ സാധ്യത തിരിച്ചറിഞ്ഞ് പോലീസ് നടത്തിയത് അതിരഹസ്യ നീക്കങ്ങള്‍; ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ ചോദ്യങ്ങളില്‍ അച്ഛന്റെ അനുജന്‍ കുടുങ്ങി; ഹേമലത ഐപിഎസിന് മുന്നില്‍ ആ ക്രൂരന്‍ പൊട്ടിക്കരഞ്ഞു; പുത്തന്‍കുരിശിലെ പോലീസ് സത്യം തെളിയിക്കുമ്പോള്‍

Update: 2025-05-22 08:10 GMT

ആലുവ: ആലുവയിലെ നാലു വയസുകാരിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കിയത് പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണം. കേസില്‍ കുട്ടിയുടെ അമ്മ പ്രതിയായപ്പോള്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് മറ്റൊരു മാനം കൈവരുന്നത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ലിസാ ജോണിന്റെ സംശയങ്ങളെ തുടര്‍ന്നാണ്. എറണാകുളം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടറാണ് ഡോ ലിസാ ജോണ്‍. ഈ മുതിര്‍ന്ന ഡോക്ടറുടെ നിഗമനങ്ങള്‍ മനസ്സിലാക്കി പിന്നീട് പൊലീസ് പീഡനക്കേസിലെ പ്രതിക്കായി അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. പ്രതിയെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇവരില്‍ നിന്നുള്‍പ്പെടെ പ്രതിയിലേക്കെത്താനുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചു. എട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി നില്‍ക്കക്കള്ളിയില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാലു വയസുകാരിയെ അമ്മ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത്. അമ്മ കുറ്റസമ്മതം നടത്തിയെങ്കിലും അതിന് കാരണമായ വസ്തുതകള്‍ കണ്ടെത്തുകയായിരുന്നു പോലീസിനു മുമ്പിലുണ്ടായിരുന്ന വെല്ലുവിളി. ഭര്‍തൃവീട്ടുകാരോടുള്ള ദേഷ്യം തീര്‍ത്തതാണോ സന്ധ്യയെന്നായിരുന്നു പോലിസിന്റെ പ്രാഥമിക സംശയം.

ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുടുംബപ്രശ്‌നം മൂലമുണ്ടായ മാനസിക സമ്മര്‍ദമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് അമ്മ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയായിരുന്നു കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നത്. കുട്ടിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ സംശയം ജനിപ്പിച്ചിരുന്നു. ഈ പാടുകളാണ് കുട്ടി പീഡനത്തിനിരയായി എന്ന സൂചനകള്‍ നല്‍കിയത്. ഒടുവില്‍ കുട്ടി പലതവണ പീഡനത്തിനിരയായെന്ന് തെളിഞ്ഞു. പീഡന വിവരത്തെ പറ്റി അമ്മയ്ക്ക് അറിയാമായിരുന്നു.

എന്നാല്‍ അച്ഛന്‍ ഇതിനെപ്പറ്റി അറിയില്ലെന്നായിരുന്നു പോലീസിനോട് പറഞ്ഞിരുന്നത്. കുഞ്ഞിനോട് പിതൃസഹോദരന്‍ അമിത വാത്സല്യം കാണിച്ചിരുന്നത് അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ വെളിപ്പെടുത്തിയിരുന്നു. കുട്ടി പീഡനത്തിനിരയായി എന്ന് തെളിഞ്ഞതോടെയാണ് പിതൃസഹോദരനിലേക്ക് അന്വേഷണമെത്തിയത്. ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മൂന്ന് ബന്ധുക്കളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. വൈകുന്നേരത്തോടെ മറ്റ് രണ്ട് പേരെ പറഞ്ഞയച്ചതിനുശേഷം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. എസ്പി അടക്കമുളളവരാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ കുട്ടിയുടെ പിതൃസഹോദരന്‍ പൊട്ടിക്കരഞ്ഞെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തില്‍ അമ്മയെ കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി ചെങ്ങമനാട് പോലീസ് വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അച്ഛന്‍, മറ്റ് ബന്ധുക്കള്‍, അങ്കണവാടി ജീവനക്കാര്‍, ഓട്ടോ ഡ്രൈവര്‍, ബസ് കണ്ടക്ടര്‍മാര്‍ തുടങ്ങിയവരുടെ മൊഴികള്‍ ആദ്യം രേഖപ്പെടുത്തും. അമ്മയുടെ ബന്ധുക്കളുടെ മൊഴിയും എടുക്കും. എറണാകുളം പുത്തന്‍കുരിശ് പോലീസാണ് കുട്ടിയുടെ അച്ഛന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് അമ്മ അമ്മക്കെതിരെ ചെങ്ങമനാട് പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉള്‍പ്പെടുന്ന പുത്തന്‍ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

Similar News