മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം; മാവൂരിൽ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത് സഹോദരനെ മർദിച്ചത് ചോദിക്കാനെത്തിയപ്പോൾ; മുങ്ങിയ മുന്നൂറുകാരൻ ഇർഫാനെ കണ്ടെത്താനാകാതെ പോലീസ്

Update: 2026-02-01 10:06 GMT

കോഴിക്കോട്: അയൽവാസികളായ രണ്ട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ മുന്നൂർ സ്വദേശി ഇർഫാനെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. കൂളിമാട് മുന്നൂരിൽ ഇന്നലെ രാവിലെ പത്ത് മണിയോടെ നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ തസ്നീമും തൻസിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കായി മാവൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മാവൂരിൽ സാമ്പത്തിക തർക്കമാണ് പ്രശനങ്ങൾക്ക് കാരണമായത്

കാറിടിച്ച് തെറിപ്പിക്കപ്പെട്ട തൻസീലിന്റെ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായ പൊട്ടലുകളുണ്ട്. തസ്നീമിന്റെ ഇടുപ്പെല്ലിനും സാരമായ മുറിവേറ്റിട്ടുണ്ട്. സംഭവത്തിനുശേഷം കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇർഫാന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് നിലയിലാണ്. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

ഇർഫാനും തൻസിഫും തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി ദീർഘകാലമായി തർക്കങ്ങളുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ വീട്ടിലെത്തിയ ഇർഫാൻ തൻസിഫിനെ മർദിക്കുകയും, തുടർന്ന് പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. സഹോദരനെ മർദിച്ചതറിഞ്ഞ തസ്നീമും തൻസിലും വടിയുമായി ബൈക്കിൽ ഇർഫാനെ തേടിയിറങ്ങുകയായിരുന്നു.

റോഡിൽ വെച്ച് ഇർഫാന്റെ കാർ തടഞ്ഞ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും ഇർഫാൻ കാറിടിപ്പിച്ച് തെറിപ്പിച്ചത്. വധശ്രമത്തിന് കേസെടുത്ത് മാവൂർ പോലീസ് ഇർഫാനായുള്ള തിരച്ചിൽ തുടരുകയാണ്. ഇർഫാനും തൻസിഫും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ കാരണവും വിശദാംശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

Tags:    

Similar News