കൊച്ചിയില്‍ ഭാര്യയുമായി എത്തിയത് ഭീകര റിക്രൂട്ട്‌മെന്റിന് എന്ന് റാണയുടെ മൊഴി; 13 ഫോണ്‍ നമ്പറിലേക്ക് കൊച്ചിയില്‍ നിന്നും വിളിച്ചു; കൊടും ഭീകരന് എല്ലാ സഹായവും ചെയ്തത് നിരോധിത സംഘടനയിലെ വ്യക്തി; സൂചന കിട്ടിയത് റാണയെ ചോദ്യം ചെയ്തതില്‍ നിന്നും; ഇയാള്‍ കസ്റ്റഡിയില്‍ എന്ന് റിപ്പോര്‍ട്ട്; റാണയെ കൊച്ചില്‍ വീണ്ടും കൊണ്ടു വരും; ഗൂഡാലോചന നടന്നത് ദുബായില്‍; മുംബൈ ഭീകരാക്രമണ ആസൂത്രണത്തില്‍ മലയാളികളും?
കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയിലുള്ള മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ കുറ്റസമ്മത മൊഴികളില്‍ തീവ്രവാദ റിക്രൂട്ട്‌മെന്റും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാനാണെന്ന് റാണ മൊഴിനല്‍കിയതായാണ് സൂചന. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാണയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നിരോധിത സംഘടനയുമായി ബന്ധമുള്ളയാളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. 2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണത്തിനുമുന്‍പാണ് റാണ കൊച്ചി സന്ദര്‍ശിച്ചത്. നവംബര്‍ 11മുതല്‍ 21വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ യാത്രചെയ്തിരുന്നു. ഭീകരാക്രമണത്തിനുവേണ്ട തയ്യാറെടുപ്പുകള്‍ക്കായിരുന്നു ഇതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാണ്. കൊച്ചിയില്‍ കസ്റ്റഡിയില്‍ ആയ ആളിനെ കുറിച്ചുള്ള വിരമൊന്നും കേന്ദ്ര ഏജന്‍സികള്‍ പുറത്തു വിട്ടിട്ടില്ല. എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഐബിയും റാണയെ ചോദ്യംചെയ്യുന്നുണ്ട്.
2008ലെ ബെംഗളൂരു സ്ഫോടനത്തിലും കേരളത്തില്‍നിന്ന് ഭീകരരെ റിക്രൂട്ട് ചെയ്തകേസിലും റാണയുടെ പങ്ക് വിശദമായി അന്വേഷിക്കും. 2008 നവംബര്‍ 16-നാണ് തഹാവൂര്‍ റാണ കേരളത്തിലെത്തിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാര്യയ്ക്കൊപ്പമായിരുന്നു താമസം. കൊച്ചിയില്‍ താമസിച്ച വേളയില്‍ 13 ഫോണ്‍നമ്പറുകളിലാണ് റാണ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ആ നമ്പറുകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. നിലവില്‍ റാണ കസ്റ്റഡിയിലുള്ളതിനാല്‍ ഈ നമ്പറുകളെക്കുറിച്ചും കേരളത്തിലെ സന്ദര്‍ശനത്തെക്കുറിച്ചും ചോദ്യംചെയ്യാനും വിശദമായ അന്വേഷണം നടത്താനുമാണ് നീക്കം. ഇതിനിടെയാണ് സഹായിച്ച ഒരാളെ കുറിച്ച് സൂചന കിട്ടുന്നത്. 2007-08 കാലഘട്ടത്തില്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായുള്ള റാണയുടെ ബന്ധം, അക്കാലത്ത് ഗള്‍ഫില്‍ ഐഎസ്ഐ ചുമതലയുണ്ടായിരുന്ന പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥനുമായുള്ള ബന്ധം എന്നിവയും അന്വേഷണപരിധിയിലുണ്ട്. കൊച്ചിയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് ആലുവ മേഖലയിലുള്ള വ്യക്തിയാണെന്ന് സൂചനയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കും. കസ്റ്റഡിയിലുള്ള ആളേയേയും റാണയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ക്കുനല്‍കിയ മൊഴികളും ഏതാണ്ട് സമാനമാണെന്ന് എന്‍ഐഎ വിലയിരുത്തുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചന നടന്നത് ദുബായിലാണെന്ന് റാണ പറുന്നു. ഈ ഗൂഡാലോചനയില്‍ മലയാളികളും പങ്കെടുക്കാനുള്ള സാധ്യത ഏറെയാണ്. കൊച്ചിയിലേക്ക് റാണ എത്താന്‍ കാരണമായതും ദുബായിലെ സൗഹൃദങ്ങള്‍ കാരണമാകാം. ഇതെല്ലാം എന്‍ഐഎ ആഴത്തില്‍ പരിശോധിക്കും. കേരളാ പോലീസിനേയും കാര്യങ്ങള്‍ അറിയിക്കും. കേരളാ പോലീസുമായി സഹകരിച്ചുള്ള അന്വേഷണമാണ് ഇക്കാര്യത്തില്‍ ഇഡി ലക്ഷ്യമിടുന്നത്.
മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യക്കാര്‍ ഇതര്‍ഹിക്കുന്നുവെന്ന് തഹാവൂര്‍ റാണ, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയോട് പറഞ്ഞതായി ഇന്ത്യ ചൂണ്ടിക്കാട്ടിയെന്ന് യുഎസ് നീതിന്യായവകുപ്പിന്റെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒന്‍പതു ഭീകരവാദികള്‍ക്ക് പാകിസ്താന്റെ ഉന്നത ബഹുമതി നല്‍കുമെന്ന് റാണ, ഹെഡ്‌ലിയോട് പറഞ്ഞതായി ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതനുസരിച്ച് ഇന്ത്യയുടെ പക്കല്‍ തെളിവുകളുണ്ട്. 2008-ല്‍ മുംബൈയിലുണ്ടായത് ഇന്ത്യന്‍ ചരിത്രത്തിലെ ഭയാനക മഹാദുരന്തമാണ്. ഭീകര സംഘടന ലഷ്‌കറെ െതായ്ബ(എല്‍ഇടി) നടത്തിയ മുംബൈ ഭീകരാക്രമണത്തില്‍ ഗൂഢാലോചന, കൊലപാതകം, ഭീകരാക്രമണം നടപ്പാക്കല്‍, വ്യാജരേഖകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയതടക്കം പത്തു കുറ്റങ്ങള്‍ റാണയുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.
ഹെഡ്‌ലിക്ക് മുംബൈയിലെത്താന്‍ തഹാവൂര്‍ റാണ സഹായം ചെയ്തു. മുംബൈയില്‍ തന്റെ ഇമിഗ്രേഷന്‍ ബിസിനസ് ഓഫീസ് ശാഖ റാണ തുറക്കുകയും ഇമിഗ്രേഷന്‍ ഇടപാടുകളെക്കുറിച്ച് അറിവില്ലാത്ത ഹെഡ്‌ലിയെ ശാഖാ മാനേജരായി നിയമിക്കുകയും ചെയ്തെന്ന് ഇന്ത്യ പറയുന്നു. ഇന്ത്യന്‍ അധികൃതര്‍ക്ക് വിസ അപേക്ഷ സമര്‍പ്പിക്കാന്‍ രണ്ടുവട്ടം റാണ, ഹെഡ്‌ലിയെ സഹായിച്ചു. അപേക്ഷയില്‍ വ്യാജ വിവരങ്ങളാണ് റാണയുടെ അറിവോടെ രേഖപ്പെടുത്തിയത്. ശാഖയ്ക്കായി ഇന്ത്യന്‍ അധികൃതരില്‍നിന്ന് അനുമതിനേടാന്‍ ഹെഡ്‌ലിയെ റാണ സഹായിച്ചുവെന്നും ഇന്ത്യ സംശയിക്കുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ ഷിക്കാഗോയില്‍ ഹെഡ്‌ലി, റാണയുമായി പലതവണ കൂടിക്കാഴ്ച നടത്തി. മുംബൈ ആക്രമണത്തിന് എല്‍ഇടി പദ്ധതിയും ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് ഇന്ത്യ ആരോപിക്കുന്നു.
റാണയെ ചോദ്യം ചെയ്യുന്ന എന്‍ എ സംഘം കിട്ടുന്ന വിവരങ്ങള്‍ തുടര്‍ പരിശോധനകള്‍ക്കായി അതത് എന്‍.ഐ.എ യൂണിറ്റുകള്‍ക്ക് കൈമാറുന്നുണ്ട്. റാണയ്ക്ക് കൊച്ചിയില്‍ പ്രാദേശിക ബന്ധങ്ങള്‍ ഉണ്ടായിരുന്നോ എന്നാണ് കൊച്ചിയിലെ എന്‍.ഐ.എ യൂണിറ്റ് പരിശോധിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് തഹാവുര്‍ റാണ കൊച്ചിയിലെത്തി എന്നതാണ് പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നതും. മുംബൈ ആക്രമണത്തിനും പത്ത് ദിവസം മുമ്പ് 2008 നവംബര്‍ പതിനാറിനാണ് റാണ കൊച്ചി മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ മുറിയിടുത്തത്. ഭാര്യയ്‌ക്കൊപ്പം രണ്ട് ദിവസം താമസിച്ച് മടങ്ങി. ബിസിനസ് ആവശ്യങ്ങള്‍ക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലില്‍ അറിയിച്ചിരുന്നത്.