ഘോഷയാത്രയുമായി അലിഗഡിലെത്തി ബിട്ടു ബജ്റംഗി; പക്ഷേ പന്തലിൽ വധുവില്ല, ഇടനിലക്കാരും മുങ്ങി; വിവാഹത്തട്ടിപ്പിൽ 'ഗോസംരക്ഷകൻ' വീണു; സഹോദരപുത്രിയെ ഓർത്ത് പെണ്ണുകാണാനിറങ്ങിയ ബിട്ടുവിന് പണി കൊടുത്തത് അയൽവാസിയുടെ ബന്ധു
ചണ്ഡിഗഡ്: സ്വയം പ്രഖ്യാപിത ഗോസംരക്ഷകനായ ബിട്ടു ബജ്റംഗിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച സംഭവത്തിൽ പുറത്ത് വരുന്നത് വൻ തട്ടിപ്പ്. ബിട്ടുവിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ബിട്ടുവിന്റെ അയൽവാസിയുടെ ബന്ധുവായ ബണ്ടിയാണ് യുവതിയെ പരിചയപ്പെടുത്തി വിവാഹവാഗ്ദാനം നൽകി പണം തട്ടിയത്. ഫരീദാബാദിലെ ഗാസിപുരിൽ പച്ചക്കറി വ്യാപാരിയാണ് ബിട്ടു.
ബിട്ടു തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അയൽവാസിയോടു പറഞ്ഞിരുന്നു. തുടർന്നാണ് ബന്ധുവായ ബണ്ടിയെ അയൽവാസി ബിട്ടുവിനു പരിചയപ്പെടുത്തിക്കൊടുത്തത്. കുറച്ചുദിവസങ്ങൾക്കു ശേഷം ബണ്ടി, റാണി എന്ന സ്ത്രീയെ ബിട്ടു ബജ്റംഗിക്കു പരിചയപ്പെടുത്തി. തുടർന്ന് ഇരുവരും ഒട്ടേറെ പെൺകുട്ടികളുടെ ചിത്രങ്ങൾ ബിട്ടുവിനു കൈമാറി. ഇതിൽ ഇഷ്ടപ്പെട്ട ഒരു യുവതിയുടെ ഫോട്ടോ ബണ്ടിക്ക് തിരിച്ച് അയച്ചുകൊടുത്തു. ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്.
2025 സെപ്റ്റംബർ 5 ന് ബണ്ടിയും റാണിയും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ബിട്ടു ബജ്റംഗിയെ കാണാനെത്തി. തുടർന്ന് ഫെബ്രുവരി 7 ന് വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹ ചെലവിനായി വധുവിന് വസ്ത്രങ്ങൾ വാങ്ങാൻ 30,000 രൂപയും ബണ്ടിക്ക് ബിട്ടു കൈമാറിയിരുന്നു. ഫെബ്രുവരി 7ന് ബിട്ടു ബജ്റംഗി വിവാഹ ഘോഷയാത്രയായി അലിഗഡിലെത്തിയപ്പോൾ വധുവിന്റെ വീട്ടിൽ ആരെയും കണ്ടില്ല.
ബണ്ടിയുടെയും റാണിയുടേയും മൊബൈലുകളും ഓഫായിരുന്നു. ബിട്ടുവിന്റെ പരാതിയിൽ ബണ്ടി, റാണി എന്നിവർക്കുനേരെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം താൻ വിവാഹം കഴിക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും മരിച്ചുപോയ സഹോദരന്റെ മകളെ ഓർത്താണ് വിവാഹത്തിനു സമ്മതിച്ചതെന്നും ബിട്ടു ബജ്റംഗി മാധ്യമങ്ങളോടു പറഞ്ഞു.