റാന്നിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മൂന്നു പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ്; നടന്നത് ഗ്യാങ്വാര്‍ തന്നെയെന്ന് നാട്ടുകാരും; പ്രതികളിലേക്ക് പോലീസ് എത്തിയത് ശ്രീക്കുട്ടന്റെ മാതാവ് അക്സത്തിന് അയച്ച സന്ദേശത്തില്‍ നിന്ന്

നടന്നത് ഗ്യാങ്വാര്‍ തന്നെയെന്ന് നാട്ടുകാരും

Update: 2024-12-17 08:54 GMT

റാന്നി: റാന്നി മന്ദമരുതിയില്‍ യുവാവിനെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ നടത്തി. മൂന്നു പേര്‍ മാത്രമാണ് നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തത്. റാന്നി ചേത്തയ്ക്കല്‍ നടമംഗലത്ത് വീട്ടില്‍ കുട്ടു എന്ന് വിളിക്കുന്ന അരവിന്ദ് (30), ചേത്തയ്ക്കല്‍ മലയില്‍ വീട്ടില്‍ അജോ എം. വര്‍ഗീസ് (30), നടമംഗലത്ത് വീട്ടില്‍ ശ്രീക്കൂട്ടന്‍ എന്ന് വിളിക്കുന്ന ഹരിശ്രീ വിജയന്‍ (28), നീരേറ്റുകാവ് കക്കുടുമണ്‍ താഴത്തേക്കൂറ്റ് വീട്ടില്‍ അക്‌സം (25) എന്നിവരാണ് അറസ്റ്റിലായത്.

അക്സം കൃത്യസ്ഥലത്തില്ലായിരുന്നുവെങ്കിലും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചുവെന്നതിനാണ് പ്രതിയാക്കിയത്. കീക്കോഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ അമ്പാടി സുരേഷ് (24) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടിനാണ് കൊലപാതകം നടന്നത്. അക്സം ഒഴികെ മൂന്നു പ്രതികളുമായിട്ടാണ് പോലീസ് തെളിവെടുപ്പിന് എത്തിയത്. കാറുകള്‍ അമിതവേഗതയില്‍ പാഞ്ഞു പോകുന്നതും തിരികെ പോകുന്നതും കണ്ടുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇത് തങ്ങളെ ഇടിക്കാന്‍ വന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. പ്രതികളിലേക്ക് പോലീസ് എത്തിയത് ശ്രീക്കുട്ടന്റെ മാതാവ് അക്സത്തിന് അയച്ച് വാട്സാപ്പ് ശബ്ദസന്ദേശത്തില്‍ നിന്നാണ്. പ്രതികളെ മുഴുവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിന് കഴിഞ്ഞു.

ആദ്യം വെറും അപകടമെന്ന് കരുതിയ സംഭവത്തില്‍, കൊല്ലപ്പെട്ട അമ്പാടിയുടെ സഹോദരങ്ങളും സുഹൃത്തും നല്‍കിയ മൊഴിയാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയത്. തുടര്‍ന്ന് ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രംഗത്തിറങ്ങി. ഇന്‍സ്‌പെക്ടര്‍മാരായ ജിബു ജോണ്‍ (റാന്നി), എം.ആര്‍. സുരേഷ് (വെച്ചൂച്ചിറ), എസ്.ഐമാരായ ശ്രീകുമാര്‍, റെജി, എ.എസ്.ഐ അജു കെ. അലി, എസ്.സി.പി.ഓമാരായ അജാസ് ചാറുവേലിന്‍, എല്‍.ടി.ലിജു, സുമില്‍, അബീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് കൊലപാതകം നടക്കുന്നത്. പ്രതികളായ ശ്രീക്കുട്ടന്‍, അക്‌സം എന്നിവരുമായി മന്ദമരുതിക്ക് സമീപം വച്ച് ഒരു റൗണ്ട് അടി നടന്നു. സംഘട്ടനത്തിന് അക്സം ഇല്ലായിരുന്നു. കൊല്ലപ്പെട്ട അമ്പാടി, സഹോദരങ്ങളായ വിനു, വിഷ്ണു, സുഹൃത്ത് മിഥുന്‍ എന്നിവരാണ് ശ്രീക്കുട്ടനെ മര്‍ദിച്ചത്. ഇതു കണ്ട അക്‌സം മറ്റു രണ്ടു പേരെയും ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. അടി കൊണ്ട് അവിടെ നിന്ന് സ്‌കൂട്ടറില്‍ പോയ ശ്രീക്കുട്ടന്‍ അക്‌സത്തിനെ ഒഴിവാക്കി അരവിന്ദനെയും അജോ വര്‍ഗീസിനെയും വിളിച്ചു കൊണ്ട് സ്വിഫ്ട് കാറില്‍ വരികയായിരുന്നു.

ഈ സമയം കാറിനോട് ചേര്‍ന്ന് റോഡിന്റെ അരികില്‍ നിന്ന അമ്പാടിയെ ഇടിച്ചു തെറിപ്പിച്ച് കാര്‍ കയറ്റി കടന്നു പോയി. യാദൃശ്ചികമായ അപകടം എന്നാണ് എല്ലാവരും കരുതിയത്. പോലീസും മോട്ടോര്‍ ഒക്കറന്‍സ് ഇട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അന്ന് ഉച്ചയ്ക്കും അതിന് ശേഷവും റാന്നി ബിവറേജിന് മുന്നിലും മിഥുന്റെ വീട്ടിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ഇവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ അപകടമല്ല, ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായി.

അക്‌സം ഒഴികെ മൂന്നു പ്രതികള്‍ എന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, പ്രതികളില്‍ ഒരാളുടെ മാതാവ് അക്‌സത്തിന് അയച്ച വാട്‌സാപ്പ് സന്ദേശം പോലീസിന് പിടിവള്ളിയായി. അങ്ങനെ വടശേരിക്കരയില്‍ നിന്നും അക്‌സത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരുന്നത് ഇവരിലേക്കെത്താന്‍ എളുപ്പമായി.

അരവിന്ദ്, അജോ, ശ്രീക്കുട്ടന്‍ എന്നിവരുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ എറണാകുളത്ത് ഉണ്ടെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്ന്, അന്വേഷണസംഘം പുലര്‍ച്ച അവിടെയെത്തി മൂവരെയും പിടികൂടുകയായിരുന്നു. അരവിന്ദ് റാന്നി പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളും നേരത്തെ മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്. കൂടാതെ, വളപട്ടണം പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News