'ഡോക്ടര്‍മാരുടെ കുപ്പായമിട്ട ഭീകരര്‍; ജൂത ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര കോഫി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളില്‍ ചോരപ്പുഴ ഒഴുക്കാന്‍ പ്ലാന്‍; ചെങ്കോട്ട സ്‌ഫോടനക്കേസിന് പിന്നില്‍ ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിക്കുള്ള പ്രതികാരമോ? അല്‍-ഖായിദയുടെ ഇന്ത്യന്‍ വിങ്ങിനെ വളര്‍ത്താന്‍ നോക്കിയ 'വൈറ്റ് കോളര്‍' ഭീകരരുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം ഇങ്ങനെ
ചെങ്കോട്ട സ്‌ഫോടനക്കേസിന് പിന്നില്‍ ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിക്കുള്ള പ്രതികാരമോ?
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാരടങ്ങുന്ന സംഘം രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആഗോള കോഫി ഷോപ്പുകള്‍ ലക്ഷ്യമിട്ട് വന്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ടിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിക്കുള്ള പ്രതികാരമെന്ന നിലയിലാണ് ജൂത ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര കോഫി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളില്‍ ബോംബാക്രമണം നടത്താന്‍ ഇവര്‍ ലക്ഷ്യമിട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി അതീവ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഈ 'വൈറ്റ് കോളര്‍' ഭീകരസംഘം, ഡല്‍ഹി ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ സ്‌ഫോടനം നടത്തി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ദി ഹിന്ദുവാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
ഭീകരാക്രമണത്തിന്റെ ലക്ഷ്യസ്ഥാനങ്ങളെ ചൊല്ലി പ്രതികള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ വാണിജ്യ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ഒരു വിഭാഗം താല്പര്യപ്പെട്ടപ്പോള്‍, ആക്രമണം ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് നേരെ മാത്രമായി പരിമിതപ്പെടുത്തണമെന്ന് കൊല്ലപ്പെട്ട ഭീകരന്‍ ഉമര്‍ ഉന്‍ നബി ആഗ്രഹിച്ചിരുന്നതായി മറ്റു പ്രതികളായ മുസമില്‍ അഹമ്മദ് ഗനായി, അദീല്‍ അഹമ്മദ് റാത്തര്‍, ഷഹീന്‍ സയീദ് എന്നിവര്‍ മൊഴി നല്‍കി. ഇസ്രയേല്‍ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരാജകത്വം സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ ഗൂഢലക്ഷ്യം.
അതോടൊപ്പം, നിരോധിക്കപ്പെട്ട ഭീകര സംഘടനയായ അല്‍-ഖായിദയുടെ ഇന്ത്യന്‍ ഘടകമായ 'അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ്' (AGuH) പുനരുജ്ജീവിപ്പിക്കാനായിരുന്നു ഈ ഡോക്ടര്‍മാരുടെ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. 2019-ല്‍ കൊല്ലപ്പെട്ട സാക്കിര്‍ മൂസ സ്ഥാപിച്ച ഈ സംഘടന, 2021-ല്‍ അവസാന കമാന്‍ഡര്‍ മുസമ്മില്‍ അഹമ്മദ് തന്ത്രെയുടെ മരണത്തോടെ അപ്രസക്തമായിരുന്നു. വിദ്യാസമ്പന്നരായ യുവാക്കളെ മുന്‍നിര്‍ത്തി ഈ സംഘടനയ്ക്ക് പുതിയ ജീവന്‍ നല്‍കാനും, രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ചെങ്കോട്ട് സ്‌ഫോടനത്തിന് പിന്നില്‍..
ശ്രീനഗറില്‍ 2025 ഒക്ടോബര്‍ 19-ന് ജെയ്ഷെ മുഹമ്മദിന്റെ (JeM) ഒരു ലഘുലേഖ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന്, ജെയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (AGuH) എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര ശൃംഖലയെ കണ്ടെത്താന്‍ ജമ്മു കശ്മീര്‍ പോലീസ് നടത്തിയ 20 ദിവസത്തെ അന്വേഷണമാണ് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തിന് വഴിത്തിരിവായത്. പോലീസുമായി സഹകരിക്കരുതെന്നും കടകളില്‍ പ്രവേശനം അനുവദിക്കരുതെന്നും നാട്ടുകാരോട് ആവശ്യപ്പെടുന്നതായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. ഇത് പിന്തുടര്‍ന്ന പോലീസ് ഷോപ്പിയാനിലെ ഒരു മതപുരോഹിതനിലെത്തുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണം ഭീകര പദ്ധതിയുടെ ചുരുളഴിക്കുകയുമായിരുന്നു.
ഇതിന്റെ ഭാഗമായി 2025 നവംബര്‍ 9, 10 തീയതികളില്‍ ഫരീദാബാദില്‍ നടത്തിയ റെയ്ഡുകളില്‍ 2,900 കിലോ സ്‌ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തിരുന്നു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിക്കപ്പെട്ട ഭീകര സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ട് സ്വയം ബോംബുകള്‍ നിര്‍മ്മിക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായിട്ടാണ് ഇവരില്‍ നിന്ന് ആയിരക്കണക്കിന് കിലോ യൂറിയ ബാഗുകള്‍ പിടിച്ചെടുത്തത്. വിവിധ രാസവസ്തുക്കള്‍ ചേര്‍ത്ത് ഇവര്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. പ്രാദേശികമായി ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് ബോംബുകള്‍ നിര്‍മ്മിക്കുന്നതിലൂടെ സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സംഘത്തിലെ മറ്റു അംഗങ്ങള്‍ അറസ്റ്റിലായതോടെ, പരിഭ്രാന്തനായ ഉമര്‍ ഉന്‍ നബി ധൃതിയില്‍ 40 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ കാറില്‍ നിറച്ച് സ്‌ഫോടനത്തിന് മുതിരുകയായിരുന്നു എന്നാണ് കരുതുന്നത്. 2025 നവംബര്‍ 10-നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം ഈ സ്‌ഫോടനം നടന്നത്.
