കൊടുംക്രിമിനലിലെ നോവിച്ചു വിട്ടാലുള്ള ഭീഷണി മനസ്സിലാക്കി തീര്‍ത്തു; 25 കിലോ മീറ്റര്‍ അകലെ മൃതദേഹം കുഴിച്ചിടാന്‍ പദ്ധതിയിട്ടത് ആരും ഒന്നും അറിയാതിരിക്കാന്‍; ഓട്ടോ ഡ്രൈവറുടെ സംശയം സാജന്‍ സാമുവലിന്റെ കൊല പുറത്തെത്തിച്ചു; വാളെടുത്തവന്‍ വാളാലേ....! പെയന്റിംഗ് തൊഴിലാളികളെ കുടുക്കിയത് 'പന്നി മാംസ ബുദ്ധി'

Update: 2025-02-04 06:27 GMT

മൂലമറ്റം : സാജന്‍ സാമുവലിനെ കൊന്നവര്‍ പദ്ധതിയിട്ടത് എല്ലാ അര്‍ത്ഥത്തിലും തെളിവ് നശിപ്പിക്കാന്‍. മൂലമറ്റം തേക്കിന്‍ കൂപ്പിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സാജന്‍ സാമുവല്‍ (47) കൊടും ക്രിമിനലാണ്. സാജനെ കൊന്നവര്‍ 25 കിലോമീറ്റര്‍ അകലെയുള്ളിടത്ത് മൃതദേഹം എത്തിച്ചത് കുഴിച്ചു മൂടാനായിരുന്നു. ഓട്ടോ ഡ്രൈവറുടെ സംശയമാണ് കേസില്‍ തുമ്പായത്. ഇല്ലെങ്കില്‍ സാജന്‍ സാമുവിലിന്റേത് വെറും കാണാതാകല്‍ കേസായി മാറുമായിരുന്നു. കൊലപാതകശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സാജന്‍ സാമുവല്‍. മേലുകാവ് പൊലീസ് 2022ല്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഒരുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ട്. സംഭവത്തില്‍ 7 പേരെ പൊലീസ് പിടികൂടി. പെയിന്റിങ്ങ് തൊഴിലാളികളായ 7 അംഗ സംഘമാണ് കൊല നടത്തിയത്. പ്രതികള്‍ക്ക് സാജന്‍ സാമുവലിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്നു. നോവിച്ച്ു വിട്ടാല്‍ അപകടമാകുമെന്ന് കരുതിയായിരുന്നു കൊല. അതിന് ശേഷം സമര്‍ദ്ദമായി മൃതദേഹം മറവ് ചെയ്യാന്‍ തീരുമാനിച്ചു. ഓട്ടോ പിടിച്ചത് പുലിവാലാകുകയും ചെയ്തു.

യുവാക്കള്‍ താമസിച്ച വാടക മുറിയില്‍ വച്ച് സാജനുമായി വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് സാജന്റെ വായില്‍ തുണി തിരുകി കമ്പിവടിക്ക് തലക്കടിച്ചു കൊന്ന് പായില്‍ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. മുട്ടം സ്വദേശിയുടെ ഓട്ടോയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകപ്പിലെത്തിച്ചാണ് ഉപേക്ഷിച്ചത്. വണ്ടി ഇടിച്ചു ചത്ത കാട്ടുപന്നിയിറച്ചിയാണന്നാണ് ഓട്ടോക്കാരനോട് പറഞ്ഞത്. ഡ്രൈവര്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചതാണ് നിര്‍ണ്ണായകമായത്. രാത്രിയില്‍ തന്നെ കാഞ്ഞാര്‍ പൊലീസ് മൂലമറ്റം തേക്കിന്‍ കുപ്പ് മുഴുവന്‍ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിറ്റേ ദിവസം രാവിലെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കനാല്‍വശത്ത് കുറ്റിക്കാട്ടില്‍ പായില്‍ പൊതിഞ്ഞ കെട്ട് കണ്ടെത്തിയത് സാജന്റെ ബന്ധുക്കളെ വരുത്തി പരിശോധിച്ചെങ്കിലും രണ്ട് ദിവസത്തെ പഴക്കം വന്നതുകൊണ്ട് തിരിച്ചറിയാന്‍ സാധിച്ചില്ല. പ്രതികള്‍ എല്ലാം കഞ്ചാവ്, മോഷണ കേസുകളില്‍ പ്രതികള്‍ ആയിട്ടുള്ളവരാണ്. സാജനെ തങ്ങള്‍ കൊന്നതാണെന്ന് ഇവര്‍ സമ്മതിച്ചു.

വാഗമണ്‍ സംസ്ഥാനപാതയോരത്തെ തേക്കിന്‍കൂപ്പിന് സമീപം ടെയില്‍ റെയ്സ് കനാലിനോട് ചേര്‍ന്ന് ചെറുകാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സാജന്‍ സാമുവലിനെ എട്ടംഗ സംഘം ചേര്‍ന്നാണ് വക വരുത്തിയത്. സാജന്‍ സാമുവലും ഷാരോണും സുഹൃത്തുക്കളാണ്. പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ട്. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേയ്ക്ക് നയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ആളുകളെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലപ്പെട്ട സാജന്റെ കഴുത്തിലും തലയിലും ഗുരുതര മുറിവുകളുണ്ട്. ഇടതു കൈ വെട്ടിയെടുത്ത നിലയിലായിരുന്നു. കേസില്‍ മൃതദേഹം തേക്കിന്‍കൂപ്പിലെത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴി കേസില്‍ നിര്‍ണായകമായി. കഴിഞ്ഞ 30നു രാത്രി പത്തോടെ എരുമാപ്രയില്‍നിന്ന്, കേടായ പന്നിമാംസമെന്നു പറഞ്ഞു പൊതിഞ്ഞ നിലയിലാണ് മൃതദേഹം 25 കിലോമീറ്റര്‍ അകലെയുള്ള തേക്കിന്‍കൂപ്പിലെ ട്രാന്‍സ്ഫോമറിനു സമീപം ഇറക്കിയത്.

സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ വിവരം അച്ഛനോട് പറഞ്ഞു. അച്ഛന്‍ സംഭവം കാഞ്ഞാര്‍ എസ്‌ഐ ബൈജു പി.ബാബുവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചിടാനായി ശ്രമം നടത്തിയതായും സൂചനയുണ്ട്. തിരിച്ചറിയാന്‍ പാടില്ലാതെ പുഴുവരിച്ച നിലയിലായിരുന്ന മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊല നടത്തിയ സ്ഥലത്ത് കുഴിച്ചിട്ടാല്‍ പിടിക്കുമെന്ന് പ്രതികള്‍ കരുതി. അതുകൊണ്ടാണ് ഓട്ടോയില്‍ കയറ്റി 25 കിലോമീറ്റര്‍ അകലെ കൊണ്ടു വന്നത്. ഇതിലൂടെ ആരും ഒന്നും അറിയില്ലെന്നും കരുതി. പക്ഷേ ഓട്ടോ ഡ്രൈവറുടെ ഇടപെടല്‍ നിര്‍ണ്ണായകമായി. ആ ചാക്കിലുള്ളത് പന്നിമാംസമല്ലെന്ന് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയതാണ് നിര്‍ണ്ണായകമായത്.

ജനുവരി 29 മുതലാണ് സാജന്‍ സാമുവലിനെ കാണാതായത്. 2018 മേയില്‍ കോതമംഗലത്തെ മരിയ ബാറില്‍ ഉണ്ടായ അടിപിടിയ്ക്കൊടുവില്‍ വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ(27) കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പ്രതിയാണ്. 2022 ഫെബ്രുവരിയില്‍ മുട്ടം ബാറിനു സമീപം കാര്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസമുണ്ടാക്കിയ സാജനോട് വാഹനം മാറ്റിയിടാന്‍ പറഞ്ഞ നാട്ടുകാരെ കാറോടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയും തോക്കെടുത്ത് വെടി വയ്ക്കുകയും ചെയ്തു. അന്ന് കേസില്‍ പരാതിക്കാരില്ലാത്തതിനാല്‍ ഇയാള്‍ രക്ഷപെടുകയായിരുന്നു. 2022 ഓഗസ്റ്റില്‍ മോലുകാവ് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

സാജന്‍ സാമുവലിനെ കാണാനില്ലെന്നു മേലുകാവ് പൊലീസ് സ്റ്റേഷനില്‍ മാതാവ് പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മൃതദേഹം തേക്കിന്‍കൂപ്പിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി നിര്‍ണായകമായി.

Tags:    

Similar News