പാമ്പുകളെ രക്ഷിച്ച് സോഷ്യൽ മീഡിയയിൽ താരമായി; ആംബുലൻസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 2.6 കോടിയുടെ കഞ്ചാവ്; 'സർപ്പമിത്ര' ഒടുവിൽ കുടുങ്ങി; പിടിയിലായത് 5 മില്യൺ ഫോളോവേഴ്‌സുള്ള യൂട്യൂബർ

Update: 2026-02-01 14:11 GMT

ഛത്തീസ്ഗഢ്: യുട്യൂബർ 'സർപ്പമിത്ര' ആകാശ് ജാദവ് ആംബുലൻസിൽ 520 കിലോ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ. പാമ്പുകളെ രക്ഷിക്കുന്നതിലൂടെയും വന്യജീവികളെക്കുറിച്ച് അവബോധം നൽകുന്നതിലൂടെയും സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായ യുട്യൂബറാണ് ആകാശ്. 2.6 കോടി രൂപ വിപണി വിലവരുന്ന കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഈ കേസിൽ ആകാശ് ജാദവ് ഉൾപ്പെടെ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മഹാസമുന്ദ് പോലീസിന്റെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ആംബുലൻസ് കുടുങ്ങിയത്. ഒഡീഷയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. 'സർപ്പമിത്ര ആകാശ് ജാദവ്' എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾക്ക് യൂട്യൂബിൽ 5.68 ദശലക്ഷം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 3.17 ലക്ഷം ഫോളോവേഴ്‌സുമുണ്ട്.

പാമ്പുരക്ഷകൻ, വന്യജീവി പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ പൊതുപ്രതിച്ഛായ മറയാക്കിയാണ് ഇയാൾ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. തന്ത്രപരമായി പോലീസിന്റെ സംശയങ്ങളിൽ നിന്ന് രക്ഷപ്പെടാനും സ്വതന്ത്രമായി യാത്ര ചെയ്യാനും ഈ പ്രതിച്ഛായ ജാദവിനെ സഹായിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒഡീഷയിൽ നിന്ന് മഹാരാഷ്ട്രയിലെ പൂനെ ഉൾപ്പെടെയുള്ള വിതരണ കേന്ദ്രങ്ങളിലേക്ക് വലിയ അളവിൽ കഞ്ചാവ് കടത്തുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയുടെ പ്രധാന കണ്ണിയാണ് അഹല്യാപുരം സ്വദേശിയായ ജാദവെന്ന് പോലീസ് ആരോപിച്ചു.

ചോദ്യം ചെയ്യലിൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ്-ഏഴ് തവണ ഇയാൾ സംസ്ഥാന അതിർത്തികൾ കടന്ന് കഞ്ചാവ് കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സും (ANTF) കൊമാഖാൻ പോലീസ് സ്റ്റേഷനും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയതെന്ന് മഹാസമുന്ദ് പോലീസ് സൂപ്രണ്ട് പ്രഭാത് കുമാർ അറിയിച്ചു. 

Tags:    

Similar News