തലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവം; കഴക്കൂട്ടത്ത് സ്വകാര്യഹോസ്റ്റലില്‍ പുലര്‍ച്ചെ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു; പ്രതിയെ മുന്‍പരിചയമില്ലെന്ന് യുവതി; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്

ഹോസ്റ്റലില്‍ പുലര്‍ച്ചെ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു

Update: 2025-10-17 15:03 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഐടി ജീവനക്കാരിയെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ചു. വ്യാഴാഴ്ച രാത്രി കഴക്കൂട്ടത്തുള്ള ഒരു സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയുടെ മുറിയിലേക്ക് പുലര്‍ച്ചയോടെയാണ് അജ്ഞാതനായ ഒരാള്‍ അതിക്രമിച്ച് കയറിയത്.

സംഭവത്തെക്കുറിച്ച് യുവതി വെള്ളിയാഴ്ച രാവിലെ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പ്രതിയുടെ അതിക്രമത്തിനിടയില്‍ യുവതി ചെറുത്തുനില്‍ക്കുകയും തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. രാത്രിയുണ്ടായ ഭയം കാരണം ഉടന്‍ തന്നെ ഇക്കാര്യം പുറത്തുപറയാന്‍ യുവതിക്ക് കഴിഞ്ഞിരുന്നില്ല. രാവിലെ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ച ശേഷം യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതിയെ തനിക്ക് മുന്‍പരിചയം ഇല്ലെന്ന് യുവതിയുടെ മൊഴിയിലുണ്ട്. വൈദ്യപരിശോധനകള്‍ക്ക് ശേഷം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്. നഗരം മുഴുവന്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News