അന്ന് മോളെല്ലാം തുറന്ന് പറഞ്ഞു; മദ്യപിച്ചു വന്നാല്‍ തന്നെ ഉപദ്രവിക്കാറുണ്ട് എന്ന് മകള്‍ പലവട്ടം പറഞ്ഞതാണ്; യാസിറിനെതിരെ പരാതി നല്‍കിയിട്ടും ഗൗരവത്തിലെടുത്തില്ല; നടപടി എടുത്തിരുന്നെങ്കില്‍ ജീവനോടെ ഉണ്ടായേനേ; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷിബിലയുടെ പിതാവ്

അന്ന് മോളെല്ലാം തുറന്ന് പറഞ്ഞു; മദ്യപിച്ചു വന്നാല്‍ തന്നെ ഉപദ്രവിക്കാറുണ്ട് എന്ന് മകള്‍ പലവട്ടം പറഞ്ഞതാണ്

Update: 2025-03-22 05:58 GMT

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബില നേരിട്ടത് ക്രൂര പീഡനമാണെന്നും പോലീസ് നടപടി എടുത്തെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷിബിലയുടെ പിതാവ്. പോലീസിനെതിരെ ആരോപണങ്ങളുമായാണ് ഷിബിലയുടെ പിതാവ് രംഗത്തെത്തിയത്. പ്രതി യാസിറിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 28 ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്ന് ഷിബിലയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

പരാതി നല്‍കി നാലു ദിവസത്തിനു ശേഷം പൊലീസ് ഒത്തു തീര്‍പ്പിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നീട് ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ലെന്ന് പിതാവ് ആരോപിച്ചു. യാസിറിന്റെ ലഹരി ഉപയോഗം ഉള്‍പ്പെടെ പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നു. മദ്യപിച്ചു വന്നാല്‍ തന്നെ ഉപദ്രവിക്കാറുണ്ട് എന്ന് മകള്‍ പലവട്ടം പറഞ്ഞതാണ്. ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും യാസിറും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും പോലീസുകാരോട് പറഞ്ഞിരുന്നു.

എന്നിട്ടും പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ല. അന്ന് പൊലീസ് നടപടി എടുത്തിരുന്നു എങ്കില്‍ ഷിബില ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് പിതാവ് പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് പിതാവ് വ്യക്തമാക്കി.

ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്താണ് യാസിര്‍ എന്നറിഞ്ഞ ഷിബില ഭയപ്പെട്ടിരുന്നു. തന്റെ മകള്‍ കൊല്ലപ്പെട്ടതില്‍ ഉത്തരവാദി യാസിറിന്റെ മാതാപിതാക്കളെന്നും ഷിബിലയുടെ പിതാവ് ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിനു യാസിറിന്റെ മാതാപിതാക്കള്‍ തയാറായില്ല. സംഭവം നടന്ന അന്ന് രണ്ട് കത്തിയുമായി ആണ് യാസിര്‍ വീട്ടില്‍ വന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അവന്‍ ഞങ്ങളേയും കൊല്ലും. യാസിര്‍ ഒരു ദിവസം രാത്രി അവന്റെ വീട്ടിലേക്ക് ഞങ്ങളെ വിളിച്ചിരുന്നതായി ഷിബിലയുടെ പിതാവ് പറയുന്നു. അവിടെ നില്‍ക്കാന്‍ താത്പര്യം ഇല്ലെന്ന് ഷിബില തങ്ങളെ അറിയിച്ചിരുന്നു. മകള്‍ അവിടെ നിന്ന് തന്നെ കെട്ടിപിടിച്ച് കരഞ്ഞു. തുടര്‍ന്നാണ് മകളെ കൂട്ടി വീട്ടില്‍ വന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നോമ്പുതുറക്കുന്ന സമയത്ത് സ്വന്തം കാറിലാണ് യാസിര്‍ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News