ഷിബിലയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്; ശരീരത്തില്‍ ആകെ 11 മുറിവുകള്‍; കഴുത്തിലെ രണ്ടുമുറിവുകളും ആഴത്തിലുള്ളത്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ലഹരി തൊടാതെ സ്വബോധത്തോടെ യാസിര്‍ നടത്തിയത് ആസൂത്രിത കൊലപാതകം

ഷിബിലയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്

Update: 2025-03-19 10:13 GMT

കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഷിബിലയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ഷിബിലയുടെ കൊലപൈതകം ആസൂത്രിതമെന്നാണ് പൊലീസ് വിലയിരുത്തല്‍. മൂന്നു വയസ്സുകാരി മകള്‍ സെന്നുവിനു പെരുന്നാള്‍ വസ്ത്രവുമായി വരാമെന്നു പറഞ്ഞു പോയ യാസിര്‍ വൈകുന്നേരം മടങ്ങിയെത്തിയത് ഭാര്യ ഷിബിലയെ(23) കൊലപ്പെടുത്താനുള്ള കൊലക്കത്തിയുമായിട്ടായിരുന്നു. പ്രണയ വിവാഹമായിരുന്നെങ്കിലും യാസറിന്റെ ലഹരിയുപയോഗവും ശാരീരിക പീഡനവും ഒടുവില്‍ ഷിബിലയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. സഹികെട്ടാണ് ഷിബിലെ യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് മകള്‍ക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്.

2020ല്‍ ഷിബിലയും യാസിറും വിവാഹിതരായ ശേഷം അടിവാരത്തെ വാടകവീട്ടിലായിരുന്നു താമസം. മൂന്ന് മാസം മുന്‍പാണ് ഷിബില ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തം വീട്ടിലേക്കു വന്നത്. ലഹരിക്കടിമയായ യാസിറിന്റെ ആക്രമണമാണ് ഇതിനു കാരണമെന്നു പറയുന്നു. തിരിച്ചു ചെന്നില്ലെങ്കില്‍ കൊല്ലുമെന്നു യാസിര്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു.

ഇന്നലെ രാത്രി 7.10ന് കാറിലാണ് യാസിര്‍ ഷിബിലയുടെ വീട്ടിലെത്തിയത്. തിരിച്ചുപോകാന്‍ പാകത്തില്‍ കാര്‍ നിര്‍ത്തിയാണ് വീട്ടിലേക്ക് യാസിര്‍ കയറിയത്. തുടര്‍ന്ന് ഭാര്യയെ വെട്ടുകയായിരുന്നു. ഇതു തടയാന്‍ വന്നപ്പോഴാണ് ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍(48), മാതാവ് ഹസീന(44) എന്നിവര്‍ക്കും വെട്ടേറ്റത്. യാസിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

അറസ്റ്റ് രേഖപ്പെടുത്തിയശേഷം യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തെളിവെടുപ്പിനായാണ് എത്തിച്ചത്. പ്രതി ഉപയോഗിച്ച വാഹനം ഫോറന്‍സിക് സംഘം പരിശോധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് വാഹനം പരിശോധിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് കൈമാറിയശേഷം മടങ്ങിപ്പോയ യാസിര്‍ വൈകീട്ട് കത്തിയുമായി വീണ്ടുമെത്തിയാണ് കൊല നടത്തിയത്. പതിനൊന്ന് മുറിവുകള്‍ കത്തിക്കൊണ്ടുള്ള ആക്രമണത്തില്‍ ഷിബിലയുടെ ശരീരത്തിലേറ്റതെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.

ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് യാസിര്‍ ഷിബിലയുടെ വസ്ത്രങ്ങള്‍ മുഴുവന്‍ കത്തിച്ചു. ഇതോടെ ഷിബില പൊലീസില്‍ പരാതി നല്‍കി. നാട്ടുകാരില്‍ ചിലര്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇന്നലെ ഉച്ചയ്ക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ യാസിര്‍ കക്കാട്ടെ വീട്ടിലെത്തി തിരികെ നല്‍കിയത്. വൈകിട്ട് വീണ്ടും നോമ്പുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു.

എന്നാല്‍ ഷിബിലയുടെ ജീവിനെടുക്കാനാണ് പിന്നീട് യാസിര്‍ വീട്ടിലെത്തിയത്. യാസറിന്റെ ആക്രമണത്തില്‍ വീട്ടുകാര്‍ നിലവിളിച്ചതോടെ അയല്‍വാസികള്‍ എത്തിയെങ്കിലും അപ്പോഴേക്കും ഷിബില കുത്തേറ്റ് വീണിരുന്നു. അച്ഛന്‍ അബ്ദുറഹ്‌മാനും അമ്മ ഹസീനയും വെട്ടേറ്റ നിലയിലുമായിരുന്നു. സ്ഥലത്തെത്തിയ അയല്‍വാസികള്‍ക്ക് നേരെയും യാസിര്‍ കത്തിവീശി. പിന്നീട് സൈക്കിള്‍ എടുത്ത് എറിഞ്ഞശേഷം യാസിര്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് അയല്‍വാസി നാസര്‍ പറഞ്ഞു.

കൊലപാതകം നേരത്ത് യാസര്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്വബോധത്തോടെ കരുതിക്കൂട്ടി എത്തിയതെന്നാണ് നിഗമനം. യാസിറിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യാ പിതാവ് അബ്ദുറഹ്‌മാന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. അമ്മ ഹസീനയ്ക്കും സാരമായ പ്രശ്നങ്ങളില്ല.

Tags:    

Similar News