ഉമ്മയെ വെട്ടിക്കൊന്നത് 'ജനിപ്പിച്ചതിനുള്ള ശിക്ഷ'യെന്ന് ആക്രോശം; താമരശ്ശേരിയില്‍ ഉമ്മയെ വെട്ടിക്കൊന്ന മകന് ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി; പോലീസ് കസ്റ്റഡി അപേക്ഷ നല്കാനിരിക്കവേ നീക്കം
ഉമ്മയെ വെട്ടിക്കൊന്നത് 'ജനിപ്പിച്ചതിനുള്ള ശിക്ഷ'യെന്ന് ആക്രോശം
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പിടിയിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയെ (52) വെട്ടിക്കൊന്ന മകന് ആഷിഖിനെ (25) ആണ് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അടുത്ത വീട്ടില്‍ പോയി തേങ്ങ പൊളിക്കാനെന്നു പറഞ്ഞ് കൊടുവാള് വാങ്ങി കൊണ്ടുവന്ന് സുബൈദയുടെ കഴുത്തിന് വെട്ടുകയായിരുന്നു ഏക മകന് ആഷിഖ്.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സുബൈദയെയാണ് കണ്ടത്. നാട്ടുകാര്‍ക്കുനേരെ ആഷിഖ് കൊടുവാളുമായി ഭീഷണി മുഴക്കിയെങ്കിലും പിടികൂടി കെട്ടിയിട്ടു. കുറ്റബോധം തെല്ലുമില്ലാതെ ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് ആഷിഖ് പറഞ്ഞത്. ലഹരിക്കടിമയായ ആഷിഖ്, മുമ്പ് രണ്ട് തവണ സുബൈദയെ കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു.
സുബൈദയെ ആഷിക് വെട്ടിക്കൊലപ്പെടുത്തിയ ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. കൊടുവാള് വാങ്ങി പോകുന്നതും കൃത്യ നിര്‍വ്വഹണത്തിന് ശേഷം കത്തി കഴുകുന്നതും ദൃശ്യത്തില്‍ ഉണ്ടെന്നാണ് സൂചന. പ്രതിയുടെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 18-നാണ് മകന് ആഷിഖ് സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയത്. ആഷിഖ് വീട്ടിലെത്താത്തത് സുബൈദ ചോദ്യം ചെയ്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ആഷിഖ് ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതും പ്രകോപനമായി. തുടര്‍ന്ന് അയല്‍വാസിയില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയാണ് കൊലപാതകം നടത്തിയത്.
നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് മാതൃസഹോദരി ഷക്കീലയുടെ പ്രതികരണം.