പകൽ ഐടി എഞ്ചിനീയർ, രാത്രിയിൽ വീട് കുത്തിത്തുറക്കുന്ന കള്ളൻ; ലക്ഷ്യം ബിഎംഡബ്ല്യുവും വിദേശയാത്രയും; ആഡംബര മോഹത്തിന് 'ഹൈടെക് സണ്ണി' കണ്ടെത്തിയ വഴി; മാസ്കും ഡ്രില്ലിംഗ് മെഷീനുമായി ഇറങ്ങുന്ന 'സീരിയൽ കള്ളൻ' ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ
വിശാഖപട്ടണം: ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായി വിശാഖപട്ടണത്തും ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും തുടർച്ചയായി വീട് കുത്തിത്തുറന്ന് മോഷണം നടത്തിവന്ന 27-കാരനായ മുൻ ഐടി ഉദ്യോഗസ്ഥൻ പിടിയിൽ. മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും തിരച്ചിലിനുമൊടുവിലാണ് അച്ചി മഹേഷ് റെഡ്ഡി എന്ന സണ്ണി പോലീസിന്റെ വലയിലായത്. രാത്രികാലങ്ങളിൽ തുടർച്ചയായി മോഷണപരാതികൾ ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
ഹൈദരാബാദിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന, ബിരുദാനന്തര ബിരുദധാരിയായ സണ്ണിയാണ് ഈ മോഷണ പരമ്പരകൾക്ക് പിന്നിലെന്ന് അറിഞ്ഞപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയി. കാക്കിനാഡ സ്വദേശിയായ സണ്ണി വൈസാഗിലെ മാധവധാര മേഖലയിലാണ് താമസിച്ചിരുന്നത്. മികച്ച വിദ്യാഭ്യാസവും ഐടി മേഖലയിലെ ജോലിയും ഉണ്ടായിരുന്നിട്ടും, ആഡംബര ബിഎംഡബ്ല്യു (BMW) കാർ സ്വന്തമാക്കാനും വിദേശയാത്രകൾ നടത്താനും ഉൾപ്പെടെയുള്ള തന്റെ വലിയ ചെലവുകൾക്ക് പണം കണ്ടെത്താനാണ് ഇയാൾ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു.
സണ്ണിയുടെ അറസ്റ്റോടെ വിശാഖപട്ടണത്തെ ഗാജുവാക്ക, അരിലോവ, മൽക്കാപുരം, പെന്ദുർത്തി, ദുവാഡ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 26 വീട് കുത്തിത്തുറന്ന മോഷണക്കേസുകൾക്കാണ് പോലീസ് തുമ്പുണ്ടാക്കിയത്. ഈ കേസുകളിലായി 1,084 ഗ്രാമിലധികം സ്വർണം, 6,300 ഗ്രാമിലധികം വെള്ളി, 40,500 രൂപ എന്നിവയുൾപ്പെടെ ഏകദേശം 24.66 ലക്ഷം രൂപയുടെ മൂല്യമുള്ള ആഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ടത്.
അറസ്റ്റ് സമയത്ത്, പ്രതിയിൽ നിന്ന് 699 ഗ്രാം സ്വർണാഭരണങ്ങളും 3.8 കിലോ വെള്ളിയാഭരണങ്ങളും പോലീസ് വീണ്ടെടുത്തു. കൂടാതെ, മോഷണപ്പണം ഉപയോഗിച്ച് വാങ്ങിയ ആഡംബര ബിഎംഡബ്ല്യു (BMW) കാർ, നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടർ, മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങൾ എന്നിവയും പിടിച്ചെടുത്തു. വീണ്ടെടുത്ത വസ്തുവകകൾക്കെല്ലാം കൂടി ആകെ 15.63 ലക്ഷം രൂപയിലധികം മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്.
വിശാഖപട്ടണം പോലീസ് കമ്മീഷണർ ശംഖ ബ്രത ബാഗ്‌ചി നൽകുന്ന വിവരമനുസരിച്ച്, സണ്ണിക്ക് കൗമാരപ്രായം മുതൽക്കേ മോഷണങ്ങൾ നടത്തിയിട്ടുണ്ട്. 15-ാം വയസ്സിൽ പിഎം പാലം മേഖലയിൽ വീടു കുത്തിതുറന്ന് മോഷണം നടത്തിയതിന് ഇയാൾ പിടിയിലാവുകയും ജുവനൈൽ ഹോമിലേക്ക് അയക്കപ്പെടുകയും ചെയ്തിരുന്നു. മോചിതനായ ശേഷം കാക്കിനാഡ, സർപ്പവാരം, രാമചന്ദ്രപുരം, ഇന്ദ്രപാലം, രാജമുണ്ട്രി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും മോഷണം തുടർന്ന ഇയാൾ 14 മാസം രാജമുണ്ട്രി സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തുടനീളം 60-ലധികം മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് രേഖകൾ സൂചിപ്പിക്കുന്നത്.
വീടുകൾ കുത്തിത്തുറക്കാൻ സണ്ണി മാസ്കുകൾ, തൊപ്പികൾ, കയ്യുറകൾ എന്നിവയ്‌ക്കൊപ്പം ചുറ്റിക, സ്ക്രൂഡ്രൈവർ, ഡ്രില്ലിംഗ് മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പോലീസ് ഇയാളെ പ്രതിചേർത്തിട്ടുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾക്കായി കുറ്റപത്രം തയ്യാറാക്കിവരികയാണ്.
