ടെലിഫോണ്‍ പോസ്റ്റ് റെയില്‍വേ പാളത്തില്‍ ഇട്ടത് മുറിച്ച് ആക്രിയാക്കി വില്‍ക്കാന്‍; ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന് കരുതി; ഉദ്ദേശം വെളിപ്പെടുത്തി പ്രതികള്‍

Update: 2025-02-22 16:21 GMT

കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്. പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തില്‍ കൊണ്ടുപോയി വച്ചതെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവച്ചതെന്നും പിടിയിലായവര്‍ പറഞ്ഞു. മുന്‍പും ഇവര്‍ക്കെതിരേ ക്രമിനല്‍ കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.

പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണ് ഒരാള്‍. പ്രതികളുടെ മൊഴി എടുത്തെങ്കിലും സംഭവത്തില്‍ അട്ടമറി സാധ്യതയും, കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. രണ്ടു പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യം ചെയ്യുകയാണെന്നും കൊല്ലം റൂറല്‍ എസ്.പി സാബു മാത്യു പറഞ്ഞു. കസ്റ്റഡിയിലുള്ള ഒരാള്‍ക്കെതിരെ 11 ക്രിമിനല്‍ കേസുകളും മറ്റൊരാള്‍ക്ക് അഞ്ച് ക്രിമിനല്‍ കേസുകളുമുണ്ടെന്നും റൂറല്‍ എസ്പി പറഞ്ഞു.

പ്രതികളെ പിടികൂടന്നതില്‍ നിര്‍ണായകമായത് സിസിടിവ ദൃശ്യങ്ങളാണ്. രണ്ട് യുവാക്കള്‍ ചേര്‍ന്ന് റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന വീഡിയോ പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവ സ്ഥലത്ത് നിന്ന് പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്‌സ് ജങ്ഷന് സമീപത്തെ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവാണ് പോലീസിനെയും റെയില്‍വേ ജീവനക്കാരെയും അറിയിച്ചത്. തുടര്‍ന്ന് അവര്‍ സംഭവ സ്ഥലത്ത് എത്തി പോസ്റ്റ് നീക്കം ചെയ്തു. രണ്ട് തവണയാണ് പോസ്റ്റ് റെയില്‍വേ പാളത്തില്‍ വെച്ചത്. സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പാലരുവി എക്‌സ്പ്രസിനെ ലക്ഷ്യമിട്ട് നടന്ന അട്ടിമറി നീക്കമാണെന്നാണ് നിഗമനം.

പാലരുവി എക്‌സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. അട്ടിമറി നീക്കമാണെന്ന് സ്ഥലം എംഎല്‍എ പി.സി വിഷ്ണുനാഥ് ആരോപിച്ചിരുന്നു.

Tags:    

Similar News