ഇനി ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ പിരിഞ്ഞ് താമസം; ദേഷ്യം സഹിക്കാൻ കഴിയാതെ സ്വന്തം ഭാര്യയെ നടുറോഡിൽ വെടിവെച്ച് കൊന്നു; ബെംഗളൂരുവിനെ നടുക്കിയ ആ കേസിൽ ട്വിസ്റ്റ്
ബെംഗളൂരു: നടുറോഡിൽ ബാങ്ക് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്ന സംഭവത്തിൽ വഴിത്തിരിവ്. കൊല്ലപ്പെട്ട ഭുവനേശ്വരിയുടെ ഭർത്താവ് ബാലമുരുകന് തോക്ക് കൈമാറിയ സേലം സ്വദേശിയായ മൗലേഷ് എന്ന ഗുണ്ടയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ കൊല്ലാൻ ബാലമുരുകൻ വാടകക്കൊലയാളിയുടെ സഹായം തേടിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഡിസംബർ 23-നാണ് ബാങ്ക് ഉദ്യോഗസ്ഥയായ ഭുവനേശ്വരിയെ ഭർത്താവ് ബാലമുരുകൻ വെടിവെച്ച് കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിർത്തിയാണ് ബാലമുരുകൻ വെടിയുതിർത്തത്. വെടിയേറ്റ ഭുവനേശ്വരി തൽക്ഷണം മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ ബാലമുരുകൻ തോക്കുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.
തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് മൗലേഷിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിൽ, ഭാര്യയെ കൊല്ലാൻ സഹായം തേടി സേലം സ്വദേശിയായ മൗലേഷിനെ സമീപിച്ചിരുന്നതായി ബാലമുരുകൻ വെളിപ്പെടുത്തി. ഇതിനായി പണവും കൈമാറിയിരുന്നു. മൗലേഷ് ബാലമുരുകന് തോക്ക് നൽകി മടക്കിയയക്കുകയായിരുന്നു. സിസിടിവി ക്യാമറകളില്ലാത്ത സ്ഥലത്ത് വെച്ച് താൻ നേരിട്ട് കൊലപാതകം നടത്താമെന്നായിരുന്നു മൗലേഷിന്റെ വാഗ്ദാനം.
എന്നാൽ, ബെംഗളൂരുവിലെത്തി സ്ഥലം നിരീക്ഷിച്ച ശേഷം മൗലേഷ് കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെ, നേരിട്ട് കൊലപാതകം നടത്താൻ ബാലമുരുകൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഭുവനേശ്വരിയെ കൊലപ്പെടുത്തിയത്. മഗഡി റോഡ് പൊലീസ് സേലത്തെത്തിയാണ് മൗലേഷിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ബാലമുരുകൻ റിമാൻഡിലാണ്. ഈ അറസ്റ്റോടെ ഭുവനേശ്വരി കൊലപാതക കേസിന്റെ അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുകയാണ്.